അരവണ ക്ഷാമം: പുതിയ പ്ലാൻറ് നിർമ്മിക്കാൻ പദ്ധതിയുമായി ദേവസ്വം ബോർഡ്
text_fieldsശബരിമല : ശബരിമലയിലെ പ്രധാന പ്രസാദമായ അരവണയുടെ ക്ഷാമത്തിന് പരിഹാരമായി പുതിയ പ്ലാൻറ് നിർമ്മിക്കാൻ പദ്ധതിയിട്ട് ദേവസ്വം ബോർഡ്. നിലവിലെ പ്ലാന്റിനോട് ചേർന്ന് അരവണ വിതരണ കൗണ്ടർ പ്രവർത്തിക്കുന്ന ഭാഗത്തായി ഒന്നര ലക്ഷം ടിൻ നിർമ്മാണ ശേഷിയുള്ള പുതിയ പ്ലാൻ്റ് നിർമ്മിക്കുവാനാണ് പദ്ധതി.
മൂന്നര ലക്ഷത്തോളം ടിൻ അരവണ ദിവസേന വിറ്റുപോകുന്ന ശബരിമലയിൽ നിലവിലെ പ്ലാന്റിന്റെ പ്രതിദിന ഉത്പാദനശേഷി രണ്ടര ലക്ഷമാണ്. പുതിയ പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തിയാവുന്നതോടെ പ്രതിദിന ഉത്പാദനം നാല് ലക്ഷമായി ഉയർത്താനാവും. അടുത്ത മണ്ഡല കാലത്തിന് മുമ്പായി പുതിയ പ്ലാൻറ് യാഥാർത്ഥ്യമാക്കാൻ ആണ് ബോർഡിൻ്റെ നീക്കം.
40 ലക്ഷത്തോളം ടിൻ നിലവിൽ കരുതൽ ശേഖരമായി ഉണ്ടെങ്കിലും മുൻ വർഷങ്ങളിലടക്കം അനുഭവപ്പെട്ട അരവണ ക്ഷാമം കൂടി പരിഗണിച്ചാണ് പുതിയ പ്ലാന്റിനായി പദ്ധതിയിടുന്നത്. തന്ത്രിയുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കു എന്ന് ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഇതിൻ്റെ ഭാഗമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, സുന്ദരേശൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ. മുരാരി ബാബു എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പുതിയ പ്ലാൻ്റ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു. തുടർ നടപടിയുടെ ഭാഗമായി പദ്ധതിക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.