ആർച്ച് ബിഷപ്പിന്‍റെ പ്രസ്താവന ബി.ജെ.പി അനുകൂലമായി കാണാനാവില്ല -പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടേത് ബി.ജെ.പി അനുകൂല പ്രസ്താവനയായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുടിയേറ്റ റബർ കർഷകരുടെ പരിതാപകരമായ അവസ്ഥയെ കുറിച്ചുള്ള വൈകാരിക പ്രതികരണമാണെന്നും സതീശൻ വ്യക്തമാക്കി.
കേരളത്തിലെ ക്രൈസ്തവ സമൂഹം ബി.ജെ.പിയുടെ പിറകെ പോകില്ല. 598 ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. സംഘ്പരിവാർ സംഘങ്ങൾ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്രൈസ്തവ സംഘടനകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഇടം കൊടുക്കേണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് മാണി വിഭാഗത്തെ രാഷ്ട്രീയമായി ആക്രമിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. റബർ കർഷകർ ഉൾപ്പെടുന്ന വലിയ ജനവിഭാഗത്തെയാണ് അവർ പ്രതിനിധീകരിക്കുന്നത്. കെ.എം മാണി കൂടി മുൻകൈ എടുത്താണ് ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് റബർ വില സ്ഥിരതാ ഫണ്ട് രൂപീകരിച്ചത്. അന്ന് യു.ഡി.എഫ് സർക്കാർ നീക്കിവെച്ച 500 കോടി രൂപയും ചെലവഴിച്ചു. എൽ.ഡി.എഫ് സർക്കാറും രണ്ട് തവണയായി 1000 കോടി നീക്കിവെച്ചെങ്കിലും ചെലവായത് 88 കോടി മാത്രമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
യു.പി.എ സർക്കാറിന്‍റെ കാലത്ത് 25 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതോടെ റബറിന്‍റെ ഇറക്കുമതി കുറഞ്ഞു. ഇതേതുടർന്ന് റബറിന്‍റെ വില ഉയർന്നു. എന്നാൽ, റബർ നിർമാതാക്കൾ ഇടപെട്ടതിന്‍റെ ഫലമായി ബി.ജെ.പി സർക്കാർ റബർ കോംപൗണ്ടിന്‍റെ ഇറക്കുമതി ചുങ്കം 10 ശതമാനമായി കുറച്ചു. ഇതോടെ രാജ്യത്തെ റബർ നിർമാതാക്കൾക്ക് സ്വഭാവിക റബർ വേണ്ടെന്ന സ്ഥിതിയായി. റബറിന്‍റെ ഡിമാൻഡ് താഴേക്ക് പോവുകയും വില കുറയുകയും ചെയ്തു.
ബി.ജെ.പി സർക്കാറിന്‍റെ തീരുമാനമാണ് റബർ കർഷകരുടെ തലയിൽ ഇടിതീയായി പതിച്ചത്. കൂടാതെ, റബർ കർഷകരെ സഹായിച്ചിരുന്ന റബർ ബോർഡിന്‍റെ എല്ലാ പദ്ധതികളും റദ്ദാക്കിയ കേന്ദ്രസർക്കാർ, സ്ഥാപനത്തെ അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നടപടികളാണ് റബർ വില കുറയുന്നതിന് കാരണമായത്. യു.പി.എ സർക്കാരും യു.ഡി.എഫ് സർക്കാരുമാണ് റബർ കർഷകർക്ക് വേണ്ടി നിലകൊണ്ടതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.