അതിരൂപതയിലെ കുർബാന തർക്കം: വത്തിക്കാൻ പ്രതിനിധി വീണ്ടുമെത്തി
text_fieldsസ്വന്തം ലേഖിക
കൊച്ചി: സിറോ മലബാർ സഭക്ക് തീരാതലവേദനയായ എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസിൽ വീണ്ടും കൊച്ചിയിലെത്തി. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്. അതിരൂപതയുടെ പുതുതായി ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ, വികാരി ജനറൽ ഫാ. വർഗീസ് പൊട്ടയ്ക്കൽ തുടങ്ങിയവർ ചേർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
മാസങ്ങൾക്കുമുമ്പ് ഇതേ ദൗത്യവുമായി സിറിൽ വാസിൽ കൊച്ചിയിലെത്തിയിരുന്നു. എന്നാൽ, കടുത്ത പ്രതിഷേധങ്ങൾ നേരിട്ടതോടെ അദ്ദേഹം മടങ്ങി. സിറിൽ വാസിൽ വന്നതിനുശേഷവും കുർബാന വിഷയത്തിൽ വലിയ മാറ്റമൊന്നുമുണ്ടായിരുന്നുമില്ല. എന്നാൽ, കുർബാന വിഷയത്തിൽ മാർപാപ്പയുടെ ഇടപെടലും സഭ നേതൃമാറ്റവുമെല്ലാം ഉണ്ടായ ശേഷമുള്ള സാഹചര്യത്തിൽ ഇദ്ദേഹത്തിന്‍റെ വരവിന് പ്രസക്തി ഏറെയാണ്.
നിലവിലെ സാഹചര്യത്തിൽ അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാമെന്നും ഏകീകൃത കുർബാന നടപ്പാക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് സിറിൽ വാസിൽ എത്തിയത്. പത്തുദിവസം കൊച്ചിയിൽ തങ്ങി കുർബാന വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാക്കുകയാണ് വത്തിക്കാൻ പ്രതിനിധിയുടെ ലക്ഷ്യം.
കുർബാന തർക്കം സംബന്ധിച്ച് വിവിധ തലത്തിൽ ചർച്ചകൾ നടത്തുമെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കുർബാന തർക്കപരിഹാരത്തിന് മാർ സിറിൽ വാസിൽ മുമ്പ് കൊച്ചിയിലെത്തിയത്. അന്ന് ഏകീകൃത കുർബാന അടിച്ചേൽപിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ബസലിക്കയിൽ പ്രാർഥിക്കാനെത്തിയ അദ്ദേഹത്തെ വിശ്വാസികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു.
രണ്ടാം വരവിലും സഭ നേതൃത്വം, സ്ഥിരം സിനഡ് അംഗങ്ങൾ, അതിരൂപത വൈദികർ, വിശ്വാസികൾ, അൽമായർ തുടങ്ങി വിവിധ തലത്തിലുള്ളവരുമായി ചർച്ച നടത്തിയാണ് അദ്ദേഹം തുടർ നടപടികളിലേക്ക് കടക്കുക.
സഭയിൽ അവസാന വാക്ക് മാർപാപ്പയുടേത് -മാർ ആൻഡ്രൂസ് താഴത്ത്
തൃശൂര്‍: സഭയിൽ മാർപാപ്പയുടേതാണ് അവസാന വാക്കെന്ന് തൃശൂർ അതിരൂപത ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. കത്തോലിക്ക സഭയിൽ പരമാധികാരം മാർപാപ്പക്കാണ്. സുപ്രീംകോടതി ഒരുവിധി പറയുന്നതുപോലെയാണ് കത്തോലിക്ക സഭയിൽ മാർപാപ്പയുടെ വാക്കുകൾ. വിശ്വാസികൾ അത് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭ ഏൽപിച്ച ദൗത്യമെല്ലാം സ്വീകരിക്കുെന്നന്നും പുതിയ പദവികൾക്ക് ഒന്നും താൽപര്യമില്ലെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
എറണാകുളം-അങ്കമാലി രൂപതയുടെ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ വിഭാഗം ജനപ്രതിനിധികെളയും ബഹുമാനിക്കുെന്നന്നും കൂട്ടിച്ചേര്‍ത്തു. കുര്‍ബാന തർക്കം രൂക്ഷമായ സാഹചര്യത്തില്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ആൻഡ്രൂസ് താഴത്ത് ഒഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.