കക്കുകളി നാടകത്തിനെതിരെ തൃശൂർ അതിരൂപത; ‘ഇടത് സാംസ്കാരിക ബോധം ബ്രഹ്മപുരത്തെ മാലിന്യത്തേക്കാൾ ഹീനം’
text_fieldsതൃശൂർ: വിവാദമായ കക്കുകളി നാടകത്തിനെതിരെ രൂക്ഷ പ്രതികരണവുമായി തൃശൂർ അതിരൂപത. നാടകത്തിനെതിരെ ഇടവക പള്ളികളിൽ ഇടയലേഖനം വായിച്ചു. കക്കുകളി ഉന്നത കലാസൃഷ്ടിയെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ഇടയലേഖനം കുറ്റപ്പെടുത്തി.
നാടകത്തിന് നിരോധനം ഏർപ്പെടുത്തണം. ബ്രഹ്മപുരത്തെ മാലിന്യത്തേക്കാൾ ഹീനമാണ് ഇടത് സാംസ്കാരിക ബോധം. ക്രൈസ്തവ വിശ്വാസത്തെയും പുരോഹിതരെയും അപഹസിക്കുകയാണ്. ഇടത് സ്ഥാനാർഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും ഇടയലേഖനം പറയുന്നു.
കക്കുകളി നാടകത്തിനെതിരെ ഞായറാഴ്ച തൃശൂര്‍ അതിരൂപതയിലെ പള്ളികളില്‍ പ്രതിഷേധവും തിങ്കളാഴ്ച കലക്ടറേറ്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്തവ സഭയെയും സമര്‍പ്പിതരെയും നാടകത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തില്‍ കക്കുകളി അരങ്ങേറിയപ്പോള്‍ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ വേദിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കക്കുകളി നാടക വിവാദത്തില്‍ നഗരസഭക്ക് പങ്കൊന്നുമില്ലെന്നാണ് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസിന്‍റെ വിശദീകരണം. സര്‍ഗോത്സവത്തിന്റെ കാര്യപരിപാടികള്‍ നേരത്തെ തന്നെ നോട്ടീസിലൂടെ അറിയിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിലും പരിപാടികള്‍ അറിയിച്ചു. സര്‍ഗോത്സവം തുടങ്ങി നാലാം ദിവസമാണ് കക്കുകളി അരങ്ങേറിയത്. നാടകം അരങ്ങേറുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് പ്രതിഷേധത്തിന്റെ കാര്യം അറിയുന്നത്. അപ്പോഴേക്കും നാടക സംഘം സ്ഥലത്തെത്തിയിരുന്നു.
ഒരാഴ്ച മുമ്പ് തന്നെ പ്രഖ്യാപിച്ച ഒരു പരിപാടിയെ കുറിച്ച് പ്രതിഷേധമുണ്ടെങ്കില്‍ ഇക്കാര്യം നേരത്തെ അറിയിച്ചാല്‍ ചര്‍ച്ചക്കുള്ള അവസരം ഉണ്ടായിരുന്നു. ഇതൊന്നും ചെയ്യാതെ നാടകം കളിക്കുന്ന ദിവസം വൈകിട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയാണ് ഉണ്ടായതെന്നും എം. കൃഷ്ണദാസ് പറഞ്ഞു. നാടകം സംബന്ധിച്ചുള്ള മറ്റ് ചര്‍ച്ചകള്‍ നഗരസഭയുടെ പരിധിയില്‍ പെടുന്നില്ലെന്നും ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ കക്ഷിയാകാനില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.