‘വാസ്തു’തെറ്റിയ പൊതുമരാമത്ത് വാസ്തുശിൽപ വിഭാഗം
text_fieldsപൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കീഴിലുള്ള വാസ്തുശിൽപ (ആർക്കിടെക്ചറൽ) വിഭാഗം തിരുവനന്തപുരം കാര്യാലയത്തിന്റെ ഭരണപരമായ ‘വാസ്തു’ താളം തെറ്റിയിട്ട് കാലങ്ങളായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടിറങ്ങി മിന്നൽ പരിശോധന നടത്തിയിട്ടും പൊതുമരാമത്ത് ഓഡിറ്റ് വിഭാഗം പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടും വകുപ്പ്വിജിലൻസ് അന്വേഷണമടക്കമുള്ള ‘ശുദ്ധീകരണ’ക്രിയകൾക്കൊന്നും ആ കാര്യലയത്തിന്റെ ‘വാസ്തുശാസ്ത്രം’ ശരിയായിട്ടില്ല.
പബ്ലിക് ഓഫിസ് കെട്ടിടത്തിലെ പൊതുമരാമത്ത് വാസ്തുശിൽപ വിഭാഗത്തിന്റെ ഉള്ളറകളിലൂടെ ‘മാധ്യമം’നടത്തുന്ന അന്വേഷണം.
മറ്റുവകുപ്പുകളെ പോലെയൊന്നുമല്ല, ആർക്കിടെക്ചറൽ വിഭാഗത്തിന്റെ പ്രവർത്തനം. അവിടെ എല്ലാറ്റിനും അവരുടേതായ പ്രത്യേക പദ്ധതികളാണ്. പൊതുമരാമത്ത് വകുപ്പിലെ മറ്റെല്ലാ വിഭാഗത്തിലും ഭരണകാര്യങ്ങൾ തീരുമാനിച്ച് നടപ്പാക്കുന്നത് അഡിമിനിസ്ട്രേഷൻ വിഭാഗമാണ്.
എന്നാൽ, ആർക്കിടെക്ചറൽ വിഭാഗത്തിൽ മാത്രം ഇതും സാങ്കേതിക വിഭാഗത്തിനുതന്നെ. സ്വന്തക്കാർക്ക് അനധികൃത സ്ഥാനക്കയറ്റം നൽകിയും ചട്ടപ്രകാരമല്ലാതെ സാധാനങ്ങൾ വാങ്ങിയും പുറംപണിചെയ്ത് പണം സമ്പാദിക്കാനുമെല്ലാം സൗകര്യമൊരുക്കുന്ന തരത്തിൽ ചുട്ടെടുത്ത സ്പെഷൽ റൂളുണ്ട് ഈ വിഭാഗത്തിന്. അതോടെ വാസ്തുശിൽപ വിഭാഗത്തിന്റെ ‘ഭരണം’ചീഫ് എൻജിനീയറിൽനിന്ന് ചീഫ് ആർക്കിടെക്കിന്റെ കൈയിലെത്തി.
അന്നുതുടങ്ങിയ കണ്ടകശ്ശനിയുടെഅപഹാരം പൊതുമരാമത്ത് മന്ത്രി നേരിട്ടിറങ്ങിയിട്ടും ഒരുമാറ്റവുമില്ലാതെ തുടരുന്നു.
ഫയൽ നീക്കം, സ്ഥാനക്കയറ്റം, പർച്ചേസ് തുടങ്ങി എല്ലാറ്റിനെസംബന്ധിച്ചും നിരന്തരം പരാതികളും വിവരാവകാശ അപേക്ഷകളും തലവേദനയായതോടെയാണ് പി.ഡബ്ല്യു.ഡി ഭരണവിഭാഗം വകുപ്പുതല അന്വേഷണത്തിന് തീരുമാനിച്ചത്. കാര്യാലയത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും രജിസ്റ്ററുകൾ, ഫയലുകൾ, മറ്റ് ഓഫിസ് രേഖകൾ എന്നിവ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാനും തീരുമാനിച്ചു. 2023 ആഗസ്റ്റ് 10 മുതൽ 19 വരെ 10 ദിവസങ്ങളിൽ പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിലെ സ്യൂട്ട് ആൻഡ് ഓഡിറ്റ് വിങ് മുഖേന രൂപവത്കരിച്ച ഓഡിറ്റ് ടീം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
നിയമത്തിനതീതമായി പ്രവർത്തിക്കുന്ന, സ്വന്തം ചട്ടങ്ങളും പ്രവർത്തനരീതിയുമെല്ലാം കൈമുതലായ ‘വെള്ളാന’യാണ്പൊതുമരാമത്ത് ആർക്കിടെക്ചറൽ വിഭാഗമെന്ന് കണ്ടെത്തി.
1965 മുതലാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗമായി ആർക്കിടെക്ചറൽ (വാസ്തുശിൽപ)വിഭാഗം രൂപവത്കരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന വിവിധ കെട്ടിട നിർമാണ പദ്ധതികളുടെ ആർക്കിടെക്ചറൽ ഡ്രോയിങ് തയാറാക്കുകയാണ് ഇവരുടെ ജോലി.
2020 വരെ തിരുവനന്തപുരത്ത് ഒരു കാര്യാലയമാണ് ഉണ്ടായിരുന്നതെങ്കിൽ നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർവ്യന്യസിച്ച് എറണാകുളം, കോഴിക്കോട് ജില്ലകൾ കേന്ദ്രമാക്കി രണ്ടു മേഖല കാര്യാലയങ്ങൾ കൂടി രൂപവത്കരിച്ചു. തിരുവനന്തപുരം കാര്യാലയത്തിൽ 15 തസ്തികകളിലായി 53 ജീവനക്കാരെ അനുവദിച്ചു. ഇതിൽ 12 തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ നിലവിൽ 41 ജീവനക്കാരുണ്ട്.
രണ്ടു മേഖല ഓഫിസുകളിലുമായി 17 പേരും ജീവനക്കാരായുണ്ട്. ആർക്കിടെക്ചറൽ വിഭാഗത്തിന് ആകെ അനുവദിച്ചത് 70 തസ്തിക. എന്നാൽ, ഇതിൽ ഇന്നും സർവിസിൽ തുടരുന്ന ചിലരെങ്കിലും അനധികൃത നിയമനവും സ്ഥാനക്കയറ്റവും തരപ്പെടുത്തി സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.
ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾ
- ആർക്കിടെക്ചറൽ വിഭാഗത്തിന്റെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തിനായി ഓരോ സെക്ഷനും ചട്ടപ്രകാരം ചുമതല നിശ്ചയിച്ചു നൽകിയിട്ടില്ല
- ഇ- ഓഫിസ് സംവിധാനം കാര്യക്ഷമമല്ല- ക്ലർക്കുമാർ ചെയ്യേണ്ട ഭരണവിഭാഗം ഫയലുകൾ പോലും സാങ്കേതിക വിഭാഗം ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ വലിയ സാമ്പത്തിക ക്രമക്കേട് നടന്നതായി ഓഡിറ്റിൽ പറയുന്നു
- ഭരണവിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിലെ പ്രത്യേക വിഭാഗംമുഖേന ചെയ്യേണ്ട സീനിയോറിറ്റി ലിസ്റ്റ്, വകുപ്പുതല പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) ലിസ്റ്റ് എന്നിവ തയാറാക്കുന്നതും സാങ്കേതിക വിഭാഗം ജീവനക്കാരുടെ മേൽനോട്ടത്തിലാണ്. ഇതിലൂടെ അവരുടെ ഇഷ്ടക്കാർക്ക് അനധികൃത സ്ഥാനക്കയറ്റവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുന്നു
- ആർക്കിടെക്ചറൽ അസിസ്റ്റന്റ് തസ്തികയിലെ സ്ഥാനക്കയറ്റത്തിൽ ചട്ടലംഘനം നടന്നു. അതിനുവേണ്ടി തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റ്, ഡി.പി.സി ലിസ്റ്റ് എന്നിവയിൽക്രമക്കേട് നടത്തി.
- കമ്പ്യൂട്ടർ ഉപകരണങ്ങളും മറ്റും വാങ്ങിയതിൽ ഗുരുതര സാമ്പത്തികക്രമക്കേട്. ക്വട്ടേഷൻ ഇല്ലാതെയും നടപടിക്രമം പാലിക്കാതെയുമാണ്പർച്ചേഴ്സ് നടത്തിയത്
- കമ്പ്യൂട്ടർ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിചർ, സ്റ്റേഷനറി വസ്തുക്കൾ എന്നിവയുടെ കണക്ക് രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ല
- ഭരണപരമായ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഇ.സി-2 സെക്ഷന് ചുമതല കൈമാറിയില്ല. ക്ലർക്കിന് പുറമെ, ഒരു ക്ലർക്ക് തസ്തിക കൂടി ഈ വിഭാഗത്തിൽ ഉണ്ടായിരുന്നു. എന്നാൽ, സ്റ്റേഷനറി, പർച്ചേസിങ് ഓഫ് ഓഫിസ് ഐറ്റംസ് മുതലായവ കൈകാര്യം ചെയ്യാൻ ആ സെക്ഷൻ ക്ലർക്കിനെ അനുവദിക്കുന്നില്ല. പകരം സാങ്കേതിക വിഭാഗം ജീവനക്കാർതന്നെ കൈകാര്യം ചെയ്യുന്നു. ഒരു ഹെഡ് ക്ലർക്ക്, രണ്ട് ക്ലർക്ക്, ഒരു ടൈപിസ്റ്റ് തസ്തികകൾ അടങ്ങുന്ന മിനിസ്റ്റീരിയൽ വിഭാഗം രൂപവത്കരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ചുമതലകൾ കൈമാറിയില്ല.
(അനധികൃത സ്ഥാനക്കയറ്റം, നിയമനം എന്നിവ സംബന്ധിച്ച് നാളെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.