ബജറ്റ് രേഖകളും കണക്കും തയാറാക്കുന്നത് ബി.ജെ.പി ഓഫീസിൽ നിന്നാണോ ?; വി.മുരളീധരനെതിരെ ബാലഗോപാൽ
text_fieldsതിരുവനന്തപുരം: കടമെടുപ്പ് പരിധി വിവാദത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ തുറന്നടിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് രേഖകകളും കണക്കും തയാറാക്കുന്നത് ബി.ജെ.പി ഓഫിസിൽനിന്നാണോ എന്നും കേന്ദ്രമന്ത്രിയാണെങ്കിൽ ഭരണഘടനാപരമായ ഔചിത്യം കാട്ടണമെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ കണക്കുകൾ തെറ്റാണെന്നും ഇവിടത്തെ അമിത ചെലവ് തടയാനാണ് കേന്ദ്രം ഇടപെടുന്നതെന്നുമുള്ള വി. മുരളീധരന്‍റെ പ്രസ്താവനക്കായിരുന്നു ധനമന്ത്രിയുടെ മറുപടി.
‘‘കേന്ദ്രമന്ത്രിയെന്ന നിലയിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസം വാർത്തസമ്മേളനം വിളിച്ച് പറഞ്ഞത്. രാഷ്ട്രീയമായുള്ള അഭിപ്രായപ്രകടനങ്ങളും ഭരണപരമായ അഭിപ്രായ പ്രകടനങ്ങളും രണ്ടും രണ്ടാണ്. രാഷ്ട്രീയ പ്രസംഗങ്ങളുടെ ലാഘവത്തിലല്ല ഭരണപരമായ കാര്യങ്ങൾ പറയേണ്ടത്. കേന്ദ്ര നേതാക്കൾ വിളിച്ച് ഇദ്ദേഹത്തെ ഭരണഘടനാപരമായും ഔചിത്യത്തോടെയും പെരുമാറാൻ ഉപദേശിക്കണം. കേന്ദ്രമന്ത്രി എന്ന നിലയിലാണെങ്കിൽ ഉത്തരവാദിത്വത്തോടെ സംസാരിക്കണം. എവിടെ നിന്നെങ്കിലും ഒരു കടലാസ് കൊണ്ടുവന്നിട്ട്, ഇങ്ങനെയാണ് കാര്യങ്ങൾ എന്ന് പറയരുത്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള കത്തിടപാടുകൾ എന്നത് ബി.ജെ.പിയുടെ ആഭ്യന്തര രാഷ്ട്രീയ പ്രശ്നമാണോ’’ എന്നും ബാലഗോപാൽ വാർത്തസമ്മേളനത്തിൽ ചോദിച്ചു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിന്‍റെ വിശദാംശങ്ങളുള്ള ഒരു കത്തും കേരളത്തിന് കിട്ടിയിട്ടില്ല. ‘‘കേരളത്തിലുള്ളവർക്ക് ഇതിനെപ്പറ്റി അറിയാത്തതുകൊണ്ടാണ്, അമിതമായ ചെലവുകൾ പിടിക്കാൻ വേണ്ടിയാണ്’’ എന്നൊക്കെയാണ് കേന്ദ്രമന്ത്രി പറയുന്നത്. ബി.ജെ.പിയുടെ അംഗമായ കേന്ദ്രമന്ത്രി കേരളത്തിന്‍റെ താൽപര്യത്തിനെതിരായി വാദിക്കുകയാണ്. സംസ്ഥാനത്തിന് തരാത്ത കണക്ക് എവിടെനിന്ന് അദ്ദേഹത്തിന് കിട്ടി. സർക്കാറിന് അനുവദനീയമായ കിട്ടേണ്ട വിഹിതത്തിൽ വിട്ടുവീഴ്ചക്കും തയാറല്ല. കേരളത്തിന് കിട്ടേണ്ടത് കിട്ടിയേ തീരൂ. മറ്റു പല സംസ്ഥാനങ്ങൾക്കും 65 ശതമാനം വരെ നികുതി വിഹിതം നൽകുമ്പോൾ കേരളത്തിന് ഇത് 35 ശതമാനത്തിൽ താഴെയാണ്. ഇത്തരത്തിൽ അസന്തുലിതമായ നിലപാടാണ് കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത്. കഴിഞ്ഞ തവണ നികുതി ഗ്രാന്‍റിനത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് 24 ശതമാനം വർധന വന്നപ്പോൾ കേരളത്തിന്‍റേത് ഒമ്പത് ശതമാനം കുറക്കുകയാണ് ചെയ്തത്. ഇതു കേരളത്തിനെ ആകെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.