വയനാട്ടിലെ നെന്മേനി കോളിമൂല പണിയ കോളനിക്കാർ ഇപ്പോഴും അയിത്തം അനുഭവിക്കുന്നോ?
text_fieldsകോഴിക്കോട്: വയനാട്ടിലെ നെന്മേനി പഞ്ചായത്തിൽ കോളിമൂല കോളനിയിലെ പണിയർ ഇപ്പോഴും അയിത്തത്തിന് സമാനമായ അവസ്ഥ അനുഭവിക്കുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച പരാതി. പട്ടിയും പൂച്ചയും സഞ്ചരിക്കുന്ന നടവഴി പണിയർക്ക് നടക്കാൻ അനുവധിക്കാത്ത സമ്പ്രദായം ഇവിടെ നിലനിൽക്കുവെന്നാണ് ആക്ഷേപം. സാമൂഹ്യ പ്രവർത്തകയായ അമ്മിണി കെ. വയനാടാണ് പരാതി നൽകിയത്. പണിയ വിഭാഗക്കാരോട് ചുറ്റുപാടും താമസിക്കുന്ന ചെട്ടി സമുദായക്കാർ വഴിനടക്കാൻപോലും അനുവദിക്കുന്നില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
ഈ ഊരിൽ 76 കുടുംബങ്ങൾ ഏകദേശം മൂന്നേക്കറോളം ഭൂമിയിലാണ് താമസിക്കുന്നത്. രണ്ടേക്കർ ശ്മശാന ഭൂമിയും ഇവർക്കുണ്ട്. ഊരിൽ നിന്നും സ്ത്രീകൾ തൊഴിലുറപ്പ് തൊഴിലിന് പോകുന്ന വഴി അടക്കം പരിസവാസികൾ വേലി കെട്ടി തടസപ്പെടുത്തി. കോളനിയിലെ പണിയർ മറ്റ് ജാതിക്കാർ സഞ്ചരിക്കുന്ന വഴിയിലൂടെ പോകരുതെന്ന് പല തവണ വിലക്കി. കോളനിക്കാരെ പണിയെന്ന് പറഞ്ഞ് മാറ്റി നിർത്തുന്നുവെന്നാണ് പരാതി. വർഷങ്ങളായി എല്ലാവരും ഉപയോഗിച്ചു കൊണ്ടിരുന്ന നടപ്പുവഴിയാണ് പണിയർക്ക് മാത്രം നിരോധനം ഏർപ്പെടുത്തിയത്.
പരാതിയുടെ പകർപ്പ്
വഴി തടഞ്ഞതോടെ പണിയർക്ക് പണിക്ക് പോകാൻ കിലോമീറ്ററുകൾ നടക്കണം. ചെട്ടി സമുദായക്കാരുടെ ഔദാര്യമാണ് ആദിവാസികളുടെ ജീവിതവും സ്വാതന്ത്ര്യമെന്ന രീതിയിലാണ് അവർ സംസാരിക്കുന്നത്. ആദിവാസികൾക്ക് വൃത്തിയില്ലെന്നതാണ് അവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.
ഈ കോളനിയിൽ രണ്ട് ഏക്കർ ശ്മശാന ഭൂമിയുണ്ട്. തലമുറകളായി മരിച്ചവരെ അടക്കം ചെയ്തു വരുന്ന സ്ഥലം. പരിസര വാസികൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കന്നുകാലികളെ കെട്ടുന്നതും അവിടെയാണ്. ഈ വിഷയത്തിൽ ശ്മശാനത്തിന് ചുറ്റുമതിൽ കെട്ടി ഭൂമി സംരക്ഷിക്കണമെന്നും നിലവിൽ കൈവശമുള്ള രണ്ട് ഏക്കർ ഭൂമിയിൽ പരിസരവാസികൾ അനധികൃതമായി കൈയേറുന്നതായി ഊര് മൂപ്പൻ വെള്ളിയും കോളനിവാസികളും പരാതിപ്പെട്ടു.
വിഷയത്തിൽ 2022 ജൂൺ ഏഴിന് കോളനി വാസികളായ 83 പേര് ഒപ്പിട്ട പരാതി കലക്ടർക്ക് നൽകി. പഞ്ചായത്തിൽ നിന്ന് ചുറ്റുമതിൽ കെട്ടാൻ ഫണ്ട് അനുവദിക്കാൻ ശിപാർശ ചെയ്ത് നെൻമേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്ന് വയനാട് എ.ഡി.എം അറിയിച്ചു. അതിൽ ഇതുവരെ നടപടിയുണ്ടായില്ല.
അമ്മിണി കോളനി സന്ദർശിച്ച് വിഷയം പുറത്തായതോടെ 21ന് വൈകീട്ട് കോളനിയിൽ പഞ്ചായത്ത് പ്രസിഡന്റ് എത്തി. സർവ കക്ഷി യോഗം ചേർന്നു. യോഗത്തിൽ പരാതിക്കാരായ ഏഴു സ്ത്രീകൾ മാത്രമാണ് പങ്കെടുത്തത്. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചു സ്ത്രീകൾ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അനന്തൻ ചുള്ളിയോട് സ്ത്രീകളോട് മോശമായി പെരുമാറുകയും സംസാരം തടസപ്പെടുത്തുകയും ചെയ്തുവെന്ന് അമ്മിണി പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.