താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ചട്ടങ്ങളുണ്ടോ?; സർക്കാറിനോട് ഹൈകോടതി
text_fieldsകൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ എന്തെങ്കിലും ചട്ടങ്ങളുണ്ടോയെന്ന് ഹൈകോടതി. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.
താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ ചട്ടങ്ങളുടെ ലംഘനവുമാണ്. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്താൻ നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നിഷേധിച്ച് താൽകാലികക്കാര്‍ക്ക് നിയമനം നല്‍കുന്നത് ഉമാദേവി കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ജനുവരിയിലെ ഉത്തരവ് പ്രകാരം കെല്‍ട്രോണില്‍ 288 ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികള്‍ കാത്ത് നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കൊല്ലം സ്വദേശികളുമായ ഫൈസല്‍ കുളപ്പാടം, വിഷ്ണു പന്തളം എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.