അരീക്കോട് ദുരഭിമാനക്കൊല; പ്രതിയെ വെറുതെവിട്ടു
text_fieldsമഞ്ചേരി: അരീക്കോട് കീഴുപറമ്പിലെ ദുരഭിമാനക്കൊല കേസിൽ പ്രതിയും കൊല്ലപ്പെട്ട യുവതിയുടെ പിതാവുമായ പൂവത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജനെ (45) മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതോടെയാണ് പ്രതിയെ ജഡ്ജി എം.അഹമ്മദ് കോയ വെറുതെ വിട്ടത്.
പ്രതിയുടെ ബന്ധുക്കളും അയവാൽസികളും കേസിൽ കൂറുമാറിയതും പ്രോസിക്യൂഷന് തിരിച്ചടിയായി. 53 സാക്ഷികളിൽ 36 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ ആദ്യത്തെ പത്ത് പേർ കൂറുമാറി.
2018 മാർച്ച് 22നാണ് വൈകീട്ട് 4.45നാണ് കേസിനാസ‌്പദമായ സംഭവം. ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാല്‍ മകൾ പൂവത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ ആതിരയെ (22) പിതാവ് രാജൻ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹത്തിൻറെ തലേദിവസമാണ് കൊലപാതകം നടന്നത്.
കോഴിക്കോട് കൊയിലാണ്ടി പന്തലായനി സ്വദേശിയായ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. വീട്ടുകാർ വിവരമറഞ്ഞതോടെ ആതിര വീടുവിട്ടിറങ്ങി. പ്രശ്നം പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ, വീട്ടുകാര്‍ വിവാഹം നടത്താന്‍ സമ്മതിച്ചു. മാർച്ച് 23ന് രാവിലെ സമീപത്തെ അമ്പലത്തില്‍ വിവാഹം നടത്താനും തീരുമാനമായി.
എന്നാല്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ തലേദിവസം വൈകിട്ട് അച്ഛനും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും രാജന്‍ ആതിരയെ ആക്രമിക്കുകയും ചെയ്തു. ഭയന്ന ആതിര അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രാജന്‍ പിന്നാലെയെത്തി കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.
പ്രതിഭാഗത്തിന് േവണ്ടി അഡ്വ.പി.സി.മൊയ്തീൻ, അഡ്വ.എൻ.സി ഫൈസൽ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.