മുഖ്യമന്ത്രിയുടെ ഇടപെടൽ കാത്ത് അരീക്കോട് താലൂക്ക് ആശുപത്രി
text_fieldsഅരീക്കോട്: ഏറനാട് മണ്ഡലത്തിലേക്ക് നവ കേരളസദസ്സ് എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് അരീക്കോടും പരിസര പഞ്ചായത്തുകളും. അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ ആരംഭിക്കണമെന്നതാണ് പ്രധാന ആവശ്യം. 2013 ലാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെൻറർ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. ഇവിടെ പ്രസവം ഉൾപ്പെടെ സൗകര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താലൂക്ക് ആശുപത്രിയായി ഉയർന്ന ശേഷം വികസനം പേരിലും ബോർഡിലും ഒതുങ്ങി. കഴിഞ്ഞ 10 വർഷമായി വൈകീട്ട് ആറോടെ അടക്കുന്ന ജില്ലയിലെ ഏക താലൂക്ക് ആശുപത്രിയായി അരീക്കോട് മാറി.
മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, വിവിധ വകുപ്പുകൾ എന്നിവർക്ക് നിരന്തരം പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. കഴിഞ്ഞ മാസം ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിനും പരാതി നൽകിയിരുന്നു. ഉടൻ അത്യാഹിത വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പും നൽകി. തുടർനടപടികൾ എവിടെയെത്തിയെന്ന് അറിയില്ല. പ്രതിദിനം 1200 രോഗികൾ ഒ.പിയിൽ എത്തുന്നുണ്ട്. അവർക്ക് ഐ.പി കൂടി ഒരുക്കാനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ വേണം. മറ്റു താലൂക്ക് ആശുപത്രികളെ പോലെ പ്രസവം, 24 മണിക്കൂർ അത്യാഹിത വിഭാഗം ഉൾപ്പെടെ സൗകര്യങ്ങളും വേണമെന്ന് നാട്ടുകാർ പറയുന്നു. ഓടക്കയം ആദിവാസി മേഖലയിൽ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ഏക ആശ്രയം ഈ ആശുപത്രിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.