സംസ്കാരത്തെ ചൊല്ലി തിരുവാർപ്പ് മർത്തശ്മുനി പള്ളിയിൽ തർക്കം
text_fieldsതിരുവാർപ്പ്: മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തിരുവാർപ്പ് മർത്തശ്മുനി പള്ളിയിൽ സംഘർഷം. യാക്കോബായ വിശ്വാസിയുടെ സംസ്കാരത്തിനായി സെമിത്തേരിയിൽ ഒരുക്കം നടത്താൻ വന്ന കുടുംബാംഗങ്ങളെ ഓർത്തഡോക്സ് വിഭാഗം തടഞ്ഞതായാണ് പരാതി. ഇവർ സെമിത്തേരിയിൽ ഒരുക്കം നടത്തുന്നതിനിടെ വികാരി സെമിത്തേരിയുടെ ഗേറ്റ് പൂട്ടി. പന്തൽ സാമഗ്രികളുമായി വന്ന വാഹനവും
മതിൽകെട്ടിനുള്ളിലാക്കിയാണ് വികാരി ഗേറ്റ് പൂട്ടി കടന്നുകളഞ്ഞതെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. ഇടവകാംഗം വാഴത്തറ ജോർജുകുട്ടിയുടെ ബുധനാഴ്ച നടത്താൻ നിശ്ചയിച്ച സംസ്ക്കാര ചടങ്ങുകളുടെ മുന്നൊരുക്കത്തിന് സെമിത്തേരിയിൽ ബന്ധുക്കൾ എത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇതിനെതിരെ ഓർത്തഡോക്സ് വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇരുവിഭാഗങ്ങളും പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ഇതിനിടെ പൊലീസ് എത്തി പള്ളി അധികൃതരുമായി ചർച്ചനടത്തി ഗേറ്റ് തുറന്നുനൽകിയതോടെയാണ് പ്രശ്നപരിഹാരമായത്.
യാക്കോബായ-ഓർത്തഡോക്സ് വിശ്വാസികൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളിയായിരുന്നു ഇത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഓർത്തഡോക്സ് വിഭാഗം നിയന്ത്രണത്തിലാണ് പള്ളി. എന്നാൽ, സംസ്ഥാനസർക്കാർ പാസാക്കിയ ഓർഡിനൻസ് അനുസരിച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നത് തടയാൻ ആർക്കും അധികാരമില്ലെന്ന് യാക്കോബായ വിശ്വാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.