റോഡിലെ വാക്കുതർക്കം; ആര്യക്കും സച്ചിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കുമെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റെതാണ് നിർദ്ദേശം. നിയമവിരുദ്ധ നടപടി, പൊതു ശല്യം, പൊതുവഴി തടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ കന്റൊൺമെന്റ് പൊലീസിനാണ് നിർദ്ദേശം നൽകിയത്. അഡ്വ. ബൈജു നോയൽ നൽകിയ സ്വകാര്യ ഹർജിയിലാണ് ഉത്തരവ്.
അതിനിടെ, മേയർ ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് ഡ്രൈവർ യദുവും ഇതേ കോടതിയിൽ ഹരജി നൽകി. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ആര്യയുടെ സഹോദരൻ അരവിന്ദ്, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാൽ അറിയാവുന്ന ഒരാൾ എന്നിവരാണ് എതിർ കക്ഷികൾ. ഈ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇതിലെ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമാകും പൊലീസ് കേസെടുക്കുക. സീബ്രാ ലൈനിൽ കാർ കുറുകെയിട്ട് ബസ് തടഞ്ഞ് ഡ്രൈവറുടെ ജോലി തടസ്സപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. മേയർക്കെതിരായ യദുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകനും ബസ് കണ്ടക്ടറുമായ സുബിനെ സംശയമുണ്ടെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. കണ്ടക്ടറും എം.എൽ.എയുമടക്കം ഗൂഢാലോചന നടത്തിയോ എന്ന് സംശയിക്കുന്നു. സംഭവം നടക്കുമ്പോൾ കണ്ടക്ടർ മുൻ സീറ്റിലാണ് ഇരുന്നത്. സച്ചിൻ ദേവ് ബസില്‍ കയറിയപ്പോള്‍ എഴുന്നേറ്റ് സീറ്റ് നല്‍കിയത് കണ്ടക്ടറാണ്. എം.എൽ.എ വന്നപ്പോള്‍ ‘സഖാവേ ഇരുന്നോളൂ’ എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി കൊടുത്തെന്നും യദു ആരോപിച്ചു.
അതേസമയം, മ്മറി കാർഡ് കണ്ടെത്തുന്നതിൽ പൊലീസ് അന്വേഷണം ഇരുട്ടിൽതപ്പുകയാണ്. അസിസ്റ്റന്റ് ട്രാൻപോർട്ട് ഓഫിസർ, ഡിപ്പോയിലെ എൻജിനീയർ, 27നു ശേഷം ബസ് ഓടിച്ച ഡ്രൈവർ, കണ്ടക്ടർ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കാര്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. ഇതോടെ ബസിൽ കാമറ സ്ഥാപിച്ച ഏജൻസിയുടെ വിവരങ്ങൾ നൽകാൻ കെ.എസ്.ആർ.ടി.സിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.