സി.എ.എ: മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്; രാജ്യത്ത് നിയമം നടപ്പിലാക്കുന്നത് തടയാനാവില്ല -ഗവർണർ
text_fieldsന്യൂഡൽഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ നിയമം നടപ്പിലാക്കുന്നത് തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ഇപ്പോൾ ഒരു പ്രശ്നമല്ല. 2019ൽ മുത്തലാഖ് നിയമം നടപ്പിലാക്കി. ഇതുമൂലം നിരവധി സ്ത്രീകളും കുട്ടികളും സുരക്ഷിതരായി. അതിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്ത് ചെയ്യാനാവുമെന്നും ഗവർണർ ചോദിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സി.എ.എ കേരളത്തിൽ നടപ്പിലാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിവാഹമോചനം മുസ് ലിം നടത്തിയാൽ ജയിലിൽ അടക്കണമെന്ന നയം തെറ്റാണെന്നും പിണറായി വ്യക്തമാക്കി. ഇന്ത്യയിൽ ഒരു നിയമ സംവിധാനമാണ് വേണ്ടത്. എന്നാൽ, ഒരു മതവിശ്വാസിക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണ് കേന്ദ്രം നടപ്പാക്കുന്നത്. വിവാഹമോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ട്. അതെല്ലാം സിവിൽ കേസ് ആയാണ് കൈകാര്യം ചെയ്യുന്നത്. ഇത് മുസ് ലിമിന് മാത്രം ക്രിമിനൽ കുറ്റമാകുന്നു. വിവാഹ മോചനത്തിന്‍റെ പേരിൽ മുസ് ലിമായാൽ ജയിലിൽ അടക്കണമെന്നതാണ് ഒരു ഭാഗമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഒരാൾക്ക് ഇന്ത്യൻ പൗരത്വം കിട്ടിയത് പ്രത്യേക മതത്തിൽ ജനിച്ചത് കൊണ്ടാണ് പറയാനാവില്ല. നമ്മൾ ഈ മണ്ണിന്‍റെ സന്തതിയും രാജ്യത്തെ പൗരനുമാണ്. പൗരത്വത്തിന് ഏതെങ്കിലും ഘട്ടത്തിൽ മതം ഒരു അടിസ്ഥാനമായി വന്നിട്ടുണ്ടോ?. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുകയല്ലേ കേന്ദ്ര സർക്കാർ ചെയ്തതെന്നും പിണറായി ചോദിച്ചു.
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല. നിയമം ഭരണഘടനാ അനുസൃതമാകണം. അത്തരം കാര്യങ്ങൾ നടപ്പാക്കാനാണ് നിലനിൽക്കുന്നത്. ഭരണഘടനാ അനുസൃതമായ നിയമങ്ങളെ ഭാവിയിലും നടപ്പാക്കുകയുള്ളൂവെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.