‘ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടന വിരുദ്ധ നിലപാട് സ്വീകരിച്ച ഗവർണർ; പുതിയ ഗവർണറെ കുറിച്ച് മുൻവിധിയില്ല’
text_fieldsകണ്ണൂർ: ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടന വിരുദ്ധ നിലപാട് സ്വീകരിച്ച ഗവർണറാണെന്നും, ഗവണർ മാറ്റത്തിനുള്ള ഉത്തരവ് വന്നതോടെ ചിലർ അദ്ദേഹത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാറുമായി തെറ്റി, സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് ഗവർണർമാരെ വീരന്മാരാക്കുന്നത്. ഇത് അങ്ങേയറ്റം ജനവിരുദ്ധമായ നിലപാടാണ്. ഗവർണറെ വെള്ളപൂശാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം കേരള വിരുദ്ധമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
“ഗവണർ മാറ്റത്തെ ചില പത്രങ്ങൾ വലിയ രീതിയിൽ ആഘോഷിക്കുകയാണ്. നിലവിലെ ഗവർണറെ സ്വീകാര്യനായ ഗവർണർ എന്നൊക്കെയാണ് ചിലർ പറയുന്നത്. സർക്കാറുമായി തെറ്റി, സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് ഗവർണർമാരെ വീരന്മാരാക്കുന്നത്. ഇത് അങ്ങേയറ്റം ജനവിരുദ്ധമായ നിലപാടാണ്. ഭരിക്കുന്നത് കമ്യൂണിസ്റ്റോ കോൺഗ്രസോ എന്ന് നോക്കിയിട്ടല്ല, ഗവർണർ ഭരണഘടനാപരമായാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ കേരളത്തിൽ ഭരണഘടനാ വിരുദ്ധമായ നിലപാടുകളാണ് ഗവർണർ സ്വീകരിച്ചത്.
നിയമസഭ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകാതിരിക്കുക, സുപ്രീംകോടതി ഇടപെടുമ്പോൾ അത് പിന്നീട് ഒരിക്കലും പൊങ്ങിവരാത്ത രീതിയിൽ രാഷ്ട്രപതിക്ക് അയക്കുക തുടങ്ങി ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത സമീപനമാണ് ഗവർണർ സ്വീകരിച്ചത്. ആ വിമർശനം എന്നുമുണ്ടാകും. അതിനെ വെള്ളപൂശി മഹത്വവൽക്കരിക്കാനുള്ള ശ്രമമാണ് ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അത് തികച്ചും കേരള വിരുദ്ധമാണ്.
പുതിയ ഗവർണറെ നിർദേശിക്കുന്നതും ബി.ജെ.പിയാണ്. പരമ്പരാഗത ആർ.എസ്.എസ് -സംഘപരിവാർ രീതി അതിലുണ്ടാകാം. എന്നുവെച്ച് മുൻകൂട്ടി ഇങ്ങനെയായിരിക്കും എന്നൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല, അത്തരത്തിലൊരു മുൻവിധിയുമില്ല. എന്നാൽ ഭരണഘടനാപരമായി പ്രവർത്തിക്കണം. സംസ്ഥാന സർക്കാറുമായി യോജിച്ച് മുന്നോട്ടുപോകണം” -എം.വി. ഗോവിന്ദൻ പറഞ്ഞു. എല്ലാവർക്കും സി.പി.എം സംസ്ഥാന സെക്രട്ടറി സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു.
കഴിഞ്ഞ രാത്രിയാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണർ സ്ഥാനത്തേക്ക് മാറ്റി നിയമിച്ചത്. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ ഗവർണറായെത്തും. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല മണിപ്പൂരിെൻറയും ജനറൽ വി.കെ സിങ് മിസോറമിെൻറയും ഗവർണറാകും. ഒഡിഷ ഗവർണർ രഘുഭർ ദാസിെൻറ രാജി രാഷ്ട്രപതി അംഗീകരിച്ചു. പകരം മിസോറമിലെ ഗവർണർ ഹരി ബാബു കമ്പംപട്ടിയെ ഒഡിഷ ഗവർണറായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.