രാജീവ് ഗാന്ധിയെ പേടിക്കാത്ത ആരിഫ് മുഹമ്മദ് ഖാൻ പിണറായിയെ പേടിക്കുമോ -കെ.സുരേന്ദ്രൻ
text_fieldsകോട്ടയം: സജി ചെറിയാന്റെ ഗതി ധനമന്ത്രി കെ.എൻ ബാലഗോപാലിനും വരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിനാണ് മന്ത്രിസഭയിൽനിന്നും പുറത്തുപോയത്. ഇപ്പോൾ ഇതാ ധനമന്ത്രിയും ഭരണഘടനയെ അപമാനിച്ച് പുറത്തേക്ക് പോവേണ്ട സാഹചര്യത്തിലാണ്. ഗവർണർക്കെതിരെ അവഹേളനം നടത്താനുള്ള അവകാശം മന്ത്രിമാർക്കില്ല. സുപ്രീംകോടതിയുടെ വിധി അനുസരിച്ച് രാജിവെച്ച് പോവുകയേ ഒൻപത് വി.സിമാർക്കും സാധിക്കുകയുള്ളൂ. പിണറായിയും കാനവും വിചാരിച്ചാൽ മാറ്റാവുന്നതല്ല ഇന്ത്യൻ ഭരണഘടന. 400 സീറ്റുള്ള സമയത്ത് രാജീവ് ഗാന്ധിയെ പേടിക്കാത്ത ആരിഫ് മുഹമ്മദ് ഖാൻ പിണറായിയെ പേടിക്കുമോ?
കേരളത്തിലെ സർക്കാർ വെളുക്കുവോളം കക്കുകയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് പോലും ഇവർ അഴിമതി നടത്തി. തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ പോലും സി.പി.എം കള്ള പ്രചരണം നടത്തുകയാണ്. തൊഴിൽദിനങ്ങൾ വർദ്ധിപ്പിച്ചത് മോദി സർക്കാരാണ്. തൊഴിലുറപ്പ് പദ്ധതികളുടെ കൃത്യമായ കണക്ക് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതാണ് ഇടതുപക്ഷത്തിന്റെ കള്ളപ്രചരണത്തിന് കാരണം. കേന്ദ്രസർക്കാർ ജനക്ഷേമ പദ്ധതികളിലൂടെ രാജ്യത്തിലെ അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. എന്നാൽ ഇടതുപക്ഷമാവട്ടെ കേന്ദ്ര പദ്ധതികൾ പേര് മാറ്റി ക്രെഡിറ്റ് അടിച്ചു മാറ്റുകയാണ്.
മഹാത്മജിയുടെ സ്വപ്നമായ കോൺഗ്രസ് മുക്ത ഭാരതം ഉടൻ സാധ്യമാവും. ഒരു വിദേശി ജന്മം നൽകിയ കോൺഗ്രസിന്റെ ഉദകക്രിയ മറ്റൊരു വിദേശിയുടെ കൈകൊണ്ടായത് കാവ്യനീതിയാണ്.
ഭീകരവാദത്തെ നിയന്ത്രിക്കാനാവാതെ ലഹരി മാഫിയയെ നിയന്ത്രിക്കാനാവില്ല. മതഭീകരവാദത്തോട് സന്ധി ചെയ്ത് ലഹരി മാഫിയയെ നേരിടാനാവില്ലെന്ന് ഇടത് സർക്കാർ മനസിലാക്കണം. പി.എഫ്.ഐ നിരോധനം നടപ്പാക്കാൻ ശ്രമിക്കാത്ത ഏക സംസ്ഥാനം കേരളമാണ് എന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.