അനുയോജ്യ സ്ഥലം കണ്ടെത്തിയാൽ അരിക്കൊമ്പനെ മാറ്റാം -ഹൈകോടതി
text_fieldsകൊച്ചി: പറമ്പിക്കുളത്തിനുപകരം അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ അരിക്കൊമ്പനെ അവിടേക്ക് മാറ്റാമെന്ന് ഹൈകോടതി. ഇതിന് തുടർ ഉത്തരവിന് കാക്കേണ്ടതില്ലെന്നും സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിൽ അനുയോജ്യമായത് ഹൈകോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി അംഗീകരിച്ചാൽ ഈ നിർദേശം നടപ്പാക്കാമെന്നും കോടതി വ്യക്തമാക്കി. ഇടുക്കി ചിന്നക്കനാലിലെ അക്രമാസക്തനായ ആനയെ മാറ്റാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയെന്ന് മുദ്രവെച്ച കവറിൽ വിദഗ്ധ സമിതിക്ക് കൈമാറാമെന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറലും അറിയിച്ചു. ബുധനാഴ്ച തന്നെ റിപ്പോർട്ട് കൈമാറാമെന്നും വിശദീകരിച്ചു.
പകരം കണ്ടെത്തിയ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന വിവരം രഹസ്യമാക്കി വെക്കണമെന്ന ആവശ്യം ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. തുടർന്ന് ഹരജി മേയ് മൂന്നിന് പരിഗണിക്കാൻ മാറ്റി. മറ്റൊരു സ്ഥലം കണ്ടെത്തി മാറ്റുന്നതുവരെ ചിന്നക്കനാലിൽ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടരണം
. ആനയെ മാറ്റുമ്പോൾ ഹൈറേഞ്ച് സർക്കിൾ വനം ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺ, ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സ്കറിയ, മൂന്നാർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ രമേഷ് ബിഷ്ണോയ് എന്നിവർ ഒപ്പമുണ്ടാകണമെന്നും നിർദേശിച്ചു. അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് ഉപഹരജി നൽകി. ജനങ്ങളുടെ പ്രതിഷേധമടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി. മേയ് മൂന്നിന് ഈ ഹരജിയും പരിഗണിക്കും.
വന്യമൃഗ ശല്യം നേരിടാൻ ഇടുക്കിക്ക് പുറമെ പാലക്കാട്, വയനാട് ജില്ലകളിലും കർമസേനക്ക് രൂപംനൽകണമെന്ന് കോടതി നിർദേശിച്ചു. വന്യമൃഗശല്യം ഉള്ള പഞ്ചായത്തുകളിലാണ് കർമസേന രൂപവത്കരിക്കേണ്ടത്. ആർ.ഡി.ഒ, ഡി.എഫ്.ഒ/ വൈൽഡ് ലൈഫ് വാർഡൻ, എസ്.എച്ച്.ഒ, അതത് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല ലീഗൽ സർവിസ് സെക്രട്ടറി എന്നിവർ കർമസേനയിൽ അംഗങ്ങളായിരിക്കും. ജില്ല ലീഗൽ സർവിസ് സെക്രട്ടറി ആയിരിക്കും കൺവീനർ.
കർമസേന രൂപവത്കരണം സംബന്ധിച്ച റിപ്പോർട്ട് മേയ് മൂന്നിന് കോടതിക്ക് സമർപ്പിക്കണം. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങുന്നത് തടയാനുള്ള നടപടിയും കർമസേന സ്വീകരിക്കണം. സേനയുടെ പ്രവർത്തനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അധികാരത്തർക്കം ഒരുതരത്തിലും ബാധിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. അത്തരം തർക്കങ്ങൾ ഉന്നയിക്കപ്പെട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.
അരിക്കൊമ്പന്: ന്യായമായ പരിഹാരം കാണും -മന്ത്രി എ.കെ. ശശീന്ദ്രന്
മൂന്നാർ: അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തില്‍ കാലതാമസമുണ്ടായാലും ന്യായമായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്. മൂന്നാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിന്നക്കനാലില്‍നിന്ന് മാറ്റുന്നത് സംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കോടതിയുടെ നിർദേശപ്രകാരം മുന്നോട്ട് പോകാനാണ് തീരുമാനം. പുതിയൊരു സ്ഥലം വിദഗ്ധ സമിതി നിർദേശിക്കാനാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അരിക്കൊമ്പനെ മാറ്റാനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലം കോടനാടായിരുന്നു. പറമ്പിക്കുളം സര്‍ക്കാര്‍ നിർദേശിച്ച സ്ഥലവും അല്ല. പറമ്പിക്കുളവും കോടനാടും ഇനി പരിഗണിക്കേണ്ടതില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവ രണ്ടുമല്ലാത്ത സ്ഥലമാണ് തെരഞ്ഞെടുക്കുക. കോടതി നടപടികളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.