അരിക്കൊമ്പൻ വീണ്ടും കാടിന്റെ സ്വാതന്ത്ര്യത്തിൽ
text_fieldsചെന്നൈ: രാത്രി മുഴുവൻ നീണ്ട ലോറിയാത്രക്കൊടുവിൽ അരിക്കൊമ്പനെ തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലായി പരന്നുകിടക്കുന്ന കളക്കാട്-മുണ്ടൻതുറൈ വനത്തിൽ തുറന്നുവിട്ടു. കേരളത്തിനോട് ചേർന്ന വനമേഖലയാണിത്. വെള്ളവും തീറ്റക്കുള്ള വസ്തുക്കളും സമൃദ്ധമാണ്. അതിനാൽ, അരിക്കൊമ്പൻ ഇവിടെ സംതൃപ്തനായിരിക്കുമെന്ന അനുമാനത്തിലാണ് അധികൃതർ. ആനക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ.റെഡ്ഡി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് അരിക്കൊമ്പൻ വീണ്ടും കാടിന്റെ സ്വാതന്ത്ര്യത്തിലേക്കിറങ്ങിയത്. കാടിന്റെ ഉൾഭാഗത്താണ് ആനയെ വിട്ടത്. അതിനാൽ ജനവാസമേഖലകളിലേക്ക് എത്താനുള്ള സാധ്യതയുണ്ടാകില്ലെന്നാണ് നിഗമനം. ജൂൺ അഞ്ചിന് പുലർച്ചെയാണ് അരിക്കൊമ്പനെ തേനി ജില്ലയിൽ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് തുമ്പിക്കൈയിൽ പരിക്കുള്ളതിനാൽ ചികിത്സ നൽകി. കുങ്കി ആനകളുടെ സഹായത്തോടെ പ്രത്യേക ലോറി ആംബുലൻസിൽ കയറ്റി കന്യാകുമാരിയിലേക്ക് തിരിച്ചു. പശ്ചിമഘട്ട മലനിരകൾക്കരികിലുള്ള റോഡുകളിലൂടെയായിരുന്നു യാത്ര. വേനൽച്ചൂടിൽ തളരാതിരിക്കാൻ ഇടക്കിടെ ദേഹത്ത് വെള്ളം തളിച്ചു. തിരുനെൽവേലി ജില്ലയിൽ അരിക്കൊമ്പനെ തുറന്നുവിടാനുള്ള പദ്ധതി തടയണമെന്നാവശ്യപ്പെട്ട് ഇവിടെ ഒരു വിഭാഗം ആളുകൾ പ്രതിഷേധിച്ചിരുന്നു. ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.
കളക്കാട്-മുണ്ടൻതുറൈ കടുവസങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇനി തെക്കൻ പശ്ചിമഘട്ട വനമേഖലയിലാകും ഉണ്ടാകുക. കളക്കാട്-മുണ്ടൻതുറൈ കടുവസങ്കേതത്തിന് സമീപത്തെ കാരയാറും പേയാറും പാണ്ടിപത്തും പിന്നിട്ട് അഗസ്ത്യമലയിലെ തമിഴ്നാട് ചരിവ് കടന്നാൽ തിരുവനന്തപുരം വനമേഖലയിലെ ബോണക്കാട് അധികം അകലെയല്ല. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിന്‍റെ പരിധിയിലെത്താൻ ആരോഗ്യമുള്ള ആനക്ക് 12 മണിക്കൂർ സഞ്ചാരം മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പലവട്ടം മയക്കുവെടിയേറ്റ അരിക്കൊമ്പന് ശാരീരിക പ്രശ്‌നങ്ങൾ കാരണം അതിന് സാധിക്കുമോ എന്നത് സംശയമാണ്. രണ്ടുവെടിയിൽ ആന മയങ്ങി എന്നാണ് തമിഴ്‍നാട് വനംവകുപ്പ് പറയുന്നത്. എന്നാൽ അരിക്കൊമ്പൻ രണ്ട് ഡോസിൽ മയങ്ങാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെയെങ്കിൽ നൽകിയ മരുന്നിന്റെ ഡോസ് കൂടുതലാകാം. അടിക്കടിയുള്ള മയക്കുവെടിയും നിർബന്ധിത യാത്രയും തുമ്പിക്കൈയിലെ പരിക്കും അരിക്കൊമ്പന്‍റെ ആരോഗ്യത്തെയും ആയുസ്സിനെയും കാര്യമായി ബാധിക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.