അരിക്കൊമ്പനുള്ളത് കന്യാകുമാരി വന്യജീവി സങ്കേതത്തിൽ; ശനിയാഴ്ച സഞ്ചരിച്ചത് ആറു കിലോ മീറ്റർ മാത്രം
text_fieldsതിരുവനന്തപുരം: അരിക്കൊമ്പൻ കാട്ടാന കന്യാകുമാരി വന്യജീവി സങ്കേതത്തിൽ തുടരുന്നതായി റിപ്പോർട്ട്. അരിക്കൊമ്പൻ വന്യജീവി സങ്കേതത്തിൽ കഴിയുന്നതിന്റെ പുതിയ ദൃശ്യങ്ങൾ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു.
അപ്പർ കോതയാറിന്റെ തെക്കൻ ദിശയിലേക്കാണ് കാട്ടാന സഞ്ചരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കന്യാകുമാരിയിലെയോ പെൻമുടിയിലെയോ ജനവാസ മേഖലകളിലേക്ക് കാട്ടാന പ്രവേശിക്കാതിരിക്കാനുള്ള നടപടികൾ തമിഴ്നാട് വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി 50 അംഗ സംഘത്തെ നിയോഗിച്ചു.
അതേസമയം, കാട്ടാനക്ക് ആരോഗ്യം പൂർണമായി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. ശനിയാഴ്ച രാത്രി ആറു കിലോമീറ്റർ മാത്രമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. ഇടുക്കി ചിന്നക്കനാലിൽ ഉണ്ടായിരുന്ന സമയത്ത് 20 കിലോമീറ്റർ വരെ ആന സഞ്ചരിച്ചിരുന്നു. കീഴ്ക്കാംതൂക്കായ പ്രദേശങ്ങൾ കൂടുതലായ സ്ഥലത്താണ് നിലവിൽ അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്.
തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലി-കന്യാകുമാരി വന മേഖലയിലെ കളക്കാട്-മുണ്ടൻതുറ കടുവ സങ്കേതത്തിന് സമീപമാണ് തുറന്നുവിട്ടത്. ശനിയാഴ്ച രാവിലെയുള്ള റേഡിയോ കോളർ സന്ദേശത്തിൽ നിന്നാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിന് സമീപം എത്തിയതായി സ്ഥിരീകരിച്ചത്. തുമ്പിക്കൈയിൽ ആഴത്തിൽ മുറിവും, ശരീരത്തിൽ പരുക്കുകളുമായി അരിക്കൊമ്പൻ പഴയവേഗത്തിൽ സഞ്ചരിക്കാൻ സാധ്യതയില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം.
തമിഴ്നാട്-കേരള അതിർത്തിയോട് ചേർന്ന കോതയാർ ഡാമിനടുത്താണ് ആന ആദ്യം ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, പരുത്തിപ്പള്ളി റേഞ്ചിലെ നെയ്യാർ വനമേഖലയിൽ നിരീക്ഷണം തുടരാനാണ് വനംവകുപ്പ് തീരുമാനം. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവസങ്കേതത്തിൽ നിന്ന് തിരുവനന്തപുരത്തെ വനംവകുപ്പ് അധികൃതർക്ക് തൽസമയം കൈമാറുന്നുമുണ്ട്.
കോതയാർ ഡാമിന് സമീപത്തുനിന്നും നെയ്യാർ വനമേഖലയിലേക്ക് 130 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. 12 മണിക്കൂർ കൊണ്ട് ഒരു ആനക്ക് എത്താവുന്ന ദൂരമാണിത്. നെയ്യാർ വനമേഖലക്ക് 20 കിലോമീറ്റർ പരിധിയിൽ ആന എത്തുകയാണെങ്കിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന് നിർദേശം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.