നാടിളക്കി കാടുകയറി അരിക്കൊമ്പൻ; നീക്കങ്ങൾ നിരീക്ഷിക്കാൻ 150 അംഗ സംഘം ജാഗ്രതയോടെ
text_fieldsകുമളി: തേനി ജില്ലയിലെ കമ്പത്ത് ജനവാസ മേഖലയിലിറങ്ങി അധികൃതരെയും നാട്ടുകാരെയും വിറപ്പിച്ച അരിക്കൊമ്പൻ ഒടുവിൽ ശാന്തനായി കാടിനുള്ളിലേക്ക് മടങ്ങി. ഞായറാഴ്ച പുലർച്ച കമ്പം ചുരുളിപ്പെട്ടിയിലെ കൃഷിയിടത്തിൽ കണ്ട ആനയെ പിന്നീട് ചുരുളി മലയടിവാരത്തിലാണ് കണ്ടത്. തുടർന്ന് റേഡിയോ കോളറിൽനിന്നും ലഭിച്ച സിഗ്നൽപ്രകാരം ആന കാട്ടിനുള്ളിൽ അഞ്ച് കിലോമീറ്റർ കടന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടാൻ ടോപ് സ്ലീപ്പിൽനിന്നും കുങ്കിയാനകളും മയക്കുവെടി വെക്കാനുള്ള വിദഗ്ധരും ഞായറാഴ്ച കമ്പത്തെത്തിയിരുന്നു.
സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാട് വനം മന്ത്രി ഡോ. എം. മതിവേന്തനും എം.എൽ.എമാരുമുണ്ടായിരുന്നു. ശനിയാഴ്ച കമ്പത്തെ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ ടൗണിനുള്ളിൽ ഭീതിപരത്തി ചുറ്റിക്കറങ്ങിയ ശേഷമാണ് സമീപത്തെ തെങ്ങിൻ തോപ്പിലും അവിടെനിന്ന് വാഴത്തോട്ടത്തിലേക്കും പോയത്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ 150 അംഗ സംഘം ജാഗ്രതയോടെ രംഗത്തുണ്ടായിരുന്നു.
പുലർച്ച ദേശീയപാത മുറിച്ചുകടന്ന അരിക്കൊമ്പൻ നാരായണതേവൻപെട്ടി എന്ന ഗ്രാമത്തിലെത്തി. വെള്ളത്തിനായി പരതി നടന്നതായി ഗ്രാമവാസികൾ പറയുന്നു. ഓടക്കുള്ളിൽനിന്നും സ്ലാബിനിടയിലൂടെ വെള്ളം കുടിച്ച ശേഷം കാടിനുള്ളിലേക്ക് പോവുകയായിരുന്നു.
മേഘമല വന്യജീവി സങ്കേതത്തിന്റെ അടിവാരത്തിലാണ് ഇപ്പോൾ ആനയുള്ളത്. ഇവിടെ നിന്നും വീണ്ടും മേഘമല, മണലാർ ഭാഗത്തേക്കു പോകുന്ന ആന, അവിടെനിന്നും കഴിഞ്ഞ ദിവസം വന്നതുപോലെ പെരിയാർ കടുവ സങ്കേതത്തിലേക്കും അതുവഴി ജനവാസ മേഖലയിലേക്കും എത്തുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.