അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനിപ്പിക്കുന്നു -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
text_fieldsകളമശ്ശേരി: അരിക്കൊമ്പനെ പിടികൂടി അതിനിഷ്ടമില്ലാത്തിടത്തും നമുക്കിഷ്ടമുള്ളിടത്തും കൊണ്ടാക്കുകയാണെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അരിക്കൊമ്പനെ വീണ്ടും പിടികൂടിയെന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും കൂടുതൽ പറഞ്ഞ് വിവാദം ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിരൂപത പരിസ്ഥിതി കമീഷൻ നേതൃത്വത്തിൽ അതിരൂപതക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബുകളുടെ ഉദ്ഘാടനം കളമശ്ശേരി സെന്‍റ് പോൾസ് കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആനയെ കാട്ടിൽ തുറന്നുവിടുന്നത് തടയണമെന്ന് ഹരജി
ചെന്നൈ: അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയെ കാട്ടിൽ തുറന്നുവിടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫ് ചെന്നൈ ഹൈകോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി ചൊവ്വാഴ്ച വാദം കേൾക്കാമെന്ന് വ്യക്തമാക്കി. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് ആനയുമായുള്ള യാത്രക്കിടയിൽ അധികൃതരെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, ആനയെ രാത്രി കസ്റ്റഡിയിൽ വെക്കാനാവില്ലെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമുള്ള തമിഴ്‌നാട് സർക്കാറിന്റെ വാദം കോടതി അംഗീകരിച്ചതോടെ അരിക്കൊമ്പനെ കാട്ടിലെത്തിക്കുകയായിരുന്നു.
അരിക്കൊമ്പനെ കാടുകടത്താൻ തമിഴ്നാട്
തേനി: ഇടുക്കി ചിന്നക്കനാലിൽനിന്നും പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പനെ, തമിഴ്നാട്ടിൽ വെച്ച് പിടികൂടി മറ്റൊരു കാട്ടിൽ തുറന്നുവിടാൻ എത്തിച്ചു. തേനി ജില്ലയിലെ കമ്പത്തിനു സമീപം, മേഘമല വന്യജീവി സങ്കേതത്തിന്‍റെ അടിവാരത്തിലുള്ള ശിന്നഓവുലാപുരം ഭാഗത്തുവെച്ച് തിങ്കളാഴ്ച പുലർച്ച പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നുവിടാനാണ് വൈകീട്ടോടെ എത്തിച്ചത്. രാത്രിയോടെ തുറന്നുവിടുമെന്നാണ് നിലവിൽ തമിഴ്നാട് അധികൃതർ നൽകുന്ന വിവരം.
തിങ്കളാഴ്ച പുലർച്ചയാണ് മയക്കുവെടിവെച്ച് അരിക്കൊമ്പനെ പിടികൂടിയത്. ഓപറേഷൻ അരിക്കൊമ്പനെന്ന പേരിൽ തമിഴ്നാട് സർക്കാർ ഏറെ രഹസ്യമായാണ് അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കം നടത്തിയത്. തമിഴ്നാട്ടിലെ ജനസാന്ദ്രതയേറിയ കമ്പം ടൗണിലിറങ്ങി ആന ഭീതിപരത്തിയ സാഹചര്യത്തിലാണ് വനം വകുപ്പ് അരിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ചത്. എന്നാൽ, പിന്നീട് അരിക്കൊമ്പൻ ഒരാഴ്ചയായി ഷൺമുഖനദി അണക്കെട്ട് പരിസരത്ത് തുടരുകയായിരുന്നു.
വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കൊപ്പം നാലു ഡോക്ടർമാർ ഉൾപ്പെട്ട 85 അംഗ സംഘം ദിവസങ്ങളായി അരിക്കൊമ്പനെ നിരീക്ഷിച്ച് പിന്നാലെ ഉണ്ടായിരുന്നു. അരിക്കൊമ്പനെ സംബന്ധിച്ച വിവരങ്ങൾ പുറത്ത് പോകുന്നതു തടയാൻ മാധ്യമങ്ങളെ വിലക്കിയതിനൊപ്പം കാടിനോട് ചേർന്നുള്ള ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കനത്ത പൊലീസ് കാവലും തുടർന്നു.
തിങ്കളാഴ്ച പുലർച്ച, രണ്ട് മയക്കുവെടിയാണ് അരിക്കൊമ്പന് നേരെ ഉതിർത്തത്. ഇതോടെ ചലനമറ്റ് നിന്ന അരിക്കൊമ്പനെ ഹൊസൂർ ഡിവിഷനിൽനിന്ന് എത്തിച്ച അനിമൽ ആംബുലൻസിൽ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ കയറ്റുകയായിരുന്നു. കമ്പം, കെ.കെ പെട്ടി, രായപ്പൻപെട്ടി എന്നീ ഗ്രാമങ്ങൾ വഴി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തേനി ബൈപാസിലെത്തിച്ച വാഹനം വൈകീട്ട് 5.30ഓടെയാണ് തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെത്തിയത്.
ഇവിടെ അഗസ്ത്യാർമലയിലെ മുത്തുക്കുളി ഭാഗത്ത് വൈകീട്ട് ആറോടെ എത്തിച്ചു. വഴിയിൽ, കടുത്ത ചൂടിന് ആശ്വാസം പകർന്ന് മൂന്നിടത്ത് വെള്ളം ഒഴിച്ച് അരിക്കൊമ്പനെ തണുപ്പിച്ചും വഴിയരികിൽ വാഹനം നിർത്തിയിട്ടുമായിരുന്നു കമ്പത്തുനിന്ന് 280 കിലോമീറ്റർ അകലേക്ക് അരിക്കൊമ്പനുമായുള്ള യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.