അരിക്കൊമ്പൻ: വട്ടംചുറ്റി തമിഴ്നാട്
text_fieldsകുമളി: പെരിയാർ കടുവ സങ്കേതം വിട്ട് അരിക്കൊമ്പൻ തമിഴ്നാട്ടിലേക്ക് ഇറങ്ങിയതിന്റെ ആശ്വാസത്തിലാണ് കേരളത്തിലെ വനപാലകർ. ദിവസങ്ങളായി ആനയെ തേടിയുള്ള നടത്തവും ഒടുവിൽ ജനവാസ കേന്ദ്രത്തിനു സമീപം എത്തിയതിന്റെ ആശങ്കയും നിറഞ്ഞതായിരുന്നു കടുവ സങ്കേതത്തിലെ വനപാലകരുടെ കഴിഞ്ഞ ദിനരാത്രങ്ങൾ.
അരിക്കൊമ്പൻ തമിഴ്നാട്ടിലേക്ക് ഇറങ്ങുകയും പ്രശ്നത്തിൽ തമിഴ്നാട് സർക്കാർ നേരിട്ട് ഇടപെടുകയും ചെയ്തതോടെ കൊമ്പനെ പിടികൂടി മറ്റു പ്രദേശത്തിലേക്ക് മാറ്റുമെന്ന പ്രതീക്ഷയിലാണ് പെരിയാർ കടുവ സങ്കേതം അധികൃതർ. എന്നാൽ, ആനയെ തേവാരം, കമ്പംമെട്ട്, ബോഡിമെട്ട് ഭാഗത്തേക്ക് നീക്കാതെ വരശനാട് ഭാഗത്തേക്ക് നീക്കിയാൽ വീണ്ടും ഇതേ പ്രതിസന്ധി തുടരാനുള്ള സാധ്യതയും തേക്കടിയിലെ വനപാലകർ മുന്നിൽ കാണുന്നുണ്ട്.
ഇതിനിടെ, തമിഴ്നാട്ടിലെത്തിയ ആന കൃഷിയിടങ്ങളിൽ മണിക്കൂറുകൾ ചെലവഴിക്കുകയും ജനവാസ മേഖലയിലിറങ്ങുകയും ചെയ്തതോടെ തമിഴ്നാട്ടിലെ അധികൃതർ വിഷമത്തിലായി. വെള്ളിയാഴ്ച രാത്രി മുഴുവൻ പുളിമരത്തോട്ടത്തിൽ ആനക്ക് കാവൽ ഇരിക്കുന്നതിനിടെയാണ് ആന ജനവാസ മേഖലയിലിറങ്ങിയത്. ചിന്നക്കനാലിലേക്കുള്ള മടക്കയാത്രയുടെ ഭാഗമായി കമ്പംമെട്ട് റോഡിലേക്ക് കയറാൻ നടന്നുനീങ്ങിയ ആന തെരുവുനായ്ക്കളുടെ ശല്യം കാരണം വഴിതിരിഞ്ഞ് പട്ടണത്തിൽ കയറിയതാണെന്നാണ് വിവരം.
തിരികെ തെങ്ങിൻതോപ്പിൽ എത്തിയ ആനയെ അവിടെനിന്നു ആളൊഴിഞ്ഞ ശേഷം കാടുയറ്റാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെ ആനക്കു സമീപത്തുകൂടി ഡ്രോൺ പറത്തി വ്ലോഗർ ചിത്രീകരണം നടത്തിയത് പ്രശ്നമായി. ഡ്രോണിന്റെ ശബ്ദം കേട്ട ആന വിരണ്ടോടി. ഇതോടെ ചിന്നമന്നൂർ സ്വദേശി ഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കമ്പത്തെ വാഴത്തോപ്പിൽ നിലയുറപ്പിച്ച ആനയെ പ്രകോപിപ്പിക്കാതെ അതിർത്തിക്കാട്ടിലേക്ക് കയറ്റിവിട്ട് പ്രശ്നം പരിഹരിക്കാനാണ് നീക്കം നടക്കുന്നത്. ഇതു പരാജയപ്പെട്ടാൽ മയക്കുവെടിവെച്ച് പിടികൂടി വരശനാട് കാട്ടിൽ തുറന്നുവിടും.
തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാർ -വനം മന്ത്രി
കൽപറ്റ: അരിക്കൊമ്പനെ ഉൾവനത്തിലേക്കയച്ചത് ഹൈകോടതി നിർദേശത്തെ തുടർന്നാണെന്നും ഇപ്പോൾ തമിഴ്നാട് അതിർത്തിയിലുള്ള ആനയുടെ കാര്യത്തിൽ ഉചിതതീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാറാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വയനാട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരുകവിഞ്ഞ ആനസ്നേഹത്തെ തുടർന്ന് ആനപ്രേമികൾ ഹൈകോടതിയെ സമീപിച്ചതുകൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും മന്ത്രി പറഞ്ഞു. ഉൾക്കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത് -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.