പാർട്ടി വിചാരണ നടത്തി, പിന്നെ ആരാച്ചാർ പണി
text_fieldsകണ്ണൂർ: ബോംബെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും പിന്നെ ആഞ്ഞുവെട്ടിയുമുള്ള പതിവ് കൊലകളിൽനിന്ന് വ്യത്യസ്തമായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിന്റെ കാര്യത്തിൽ സി.പി.എം നടത്തിയത്. കൊല ചെയ്യേണ്ടയാളെ പിടിച്ചുകൊണ്ടുപോയി മണിക്കൂറോളം ആൾക്കൂട്ട വിചാരണ നടത്തി ഉന്നതങ്ങളിൽനിന്ന് കൃത്യമായ നിർദേശം ലഭിച്ചശേഷം പട്ടാപ്പകൽ ക്രൂരമായി നടപ്പാക്കിയ വധമായിരുന്നു അത്. കേസിൽനിന്ന് വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന ഹരജി പ്രത്യേക സി.ബി.ഐ കോടതി തള്ളിയതോടെ നീതിയുടെ ഒരു വാതിൽ തുറന്നുവെന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. സി.പി.എം സമ്മേളനകാലത്ത് നേതാക്കൾ പ്രതികളായി തുടരുമെന്ന കോടതിയുടെ ഓർമപ്പെടുത്തൽ പാർട്ടിക്കേറ്റ പ്രഹരവുമായി.
2012 ഫെബ്രുവരി 20ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കണ്ണപുരം കീഴറ വള്ളുവൻകടവിൽ 21കാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം തളിപ്പറമ്പ് അരിയിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഏതാനും മണിക്കൂറുകൾക്കകമായിരുന്നു കൊലപാതകം. സി.പി.എം നേതാക്കളും സജീവപ്രവർത്തകരുമായ 33 പേരായിരുന്നു കേസിലെ പ്രതികൾ. ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ ഒരാളുമായി ചെറുകുന്നിലെ ആശുപത്രിയിലേക്കു പോവുകയായിരുന്നു ഷുക്കൂർ അടങ്ങുന്ന സംഘം. മണിക്കൂറുകൾക്കം പാർട്ടി പ്രവർത്തകർ ഒത്തുകൂടി ഇവരെ പിന്തുടർന്നു. ഷുക്കൂറിനെയും സുഹൃത്ത് സക്കരിയയെയും തൊട്ടടുത്ത വയലിലേക്ക് കൊണ്ടുപോയി വിചാരണ ചെയ്യാൻ തുടങ്ങി. മൊബൈൽ കാമറയിൽ ഇവരുടെ ചിത്രങ്ങൾ പകർത്തി ഉന്നതങ്ങളിലേക്ക് അയച്ചുകൊടുത്തു. പ്രതികൾ ഇവർ തന്നെയെന്ന് ഉറപ്പാക്കിയശേഷം ഷുക്കൂറിന്റെ വധശിക്ഷ നടപ്പാക്കി. സക്കരിയക്കും ക്രൂരമായ മർദനമേറ്റു.
സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളടക്കം ആൾക്കൂട്ട വിചാരണസമയത്ത് അവിടെ എത്തിയിരുന്നു. ബഹളംകേട്ട് പരിസരവാസികളുമെത്തി. അരുതേയെന്ന് പറയാൻ കൂടിനിന്നവരെല്ലാം വിറങ്ങലിച്ചുനിന്ന നിമിഷം കൂടിയായിരുന്നു അത്. വെട്ടേറ്റ ഷുക്കൂർ സംഭവസ്ഥലത്ത് മരിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണ് ഗൂഢാലോചന നടന്നതെന്നാണ് സി.ബി.ഐ വാദിച്ചത്. ഈ സമയത്ത് പി. ജയരാജനും ടി.വി. രാജേഷും ആശുപത്രിയിലുണ്ടായിരുന്നു. 2016 ഫെബ്രുവരി എട്ടിന് ജസ്റ്റിസ് കമാല് പാഷയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.