ഷുക്കൂർ വധം: ജയരാജനും രാജേഷിനും എതിരായ അന്വേഷണം നടക്കുന്നു –സി.ബി.െഎ
text_fieldsന്യൂഡൽഹി: തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എക്കുമെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ബി.െഎ. കേസിലെ എല്ലാ പ്രതികളും പി. ജയരാജനും ടി.വി. രാജേഷും നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും സി.ബി.ഐ സുപ്രീംകോടതിയിൽ സമർപ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള പൊലീസിെൻറ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.
കേസിൽ സി.ബി.െഎ അന്വേഷണത്തിനെതിരെ പി. ജയരാജന്, കെ. പ്രകാശന് എന്നിവര്‍ സമർപ്പിച്ച ഹരജിയിലാണ് സി.ബി.െഎ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് വെള്ളിയാഴ്ച വായിച്ചാണ് ജസ്റ്റിസുമാരായ കുര്യന് ജോസഫ്, സഞ്ജയ് കിഷന് കൗള്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേസിൽ സി.ബി.െഎ അന്വേഷണം തുടരാനും ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനും ഉത്തരവിട്ടത്. കേസിലെ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ജയരാജനും രാജേഷിനുമെതിരെ ഫലപ്രദമായ അന്വേഷണം നടന്നില്ലെന്നും ഇവർക്കെതിരെ ആവശ്യമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചില്ലെന്നും ഷുക്കൂറിെൻറ മാതാവ് ആത്തിഖ ബോധിപ്പിച്ചിരുന്നു.
എന്നാൽ, കൊലപാതകത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ജയരാജനും രാജേഷിനുമെതിരായ അന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സി.ബി.െഎ അറിയിച്ചു. ഇവർക്കെതിരെ ശക്തവും നിഷ്പക്ഷവുമായ തെളിവുകൾ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. അന്വേഷണത്തില്‍ പരിഗണിക്കാത്ത ഏതെങ്കിലും തെളിവുകള്‍ കേരള പൊലീസിെൻറ പക്കല്‍ ഉണ്ടോ എന്ന കാര്യവും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.
2012 ഫെബ്രുവരി 20ന് തളിപ്പറമ്പ് പട്ടുവം അരിയിലില്‍ പി. ജയരാജനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടതിന് പ്രതികാരമായി മണിക്കൂറുകള്‍ക്കുശേഷം കീഴറ വള്ളുവന്‍കടവില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.