ഷുക്കൂർ വധം: തുടരന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജന്‍റെ ഹരജി
text_fieldsകണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജൻ സി.ബി.ഐ ഡയറക്ടർക്ക് ഹരജി നൽകി. കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം. ഷെഫീർ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിന്റെ കോപ്പി സഹിതമാണ് സി.ബി.ഐ ഡയറക്ടർക്ക് അഡ്വ. കെ. വിശ്വൻ മുഖേന ഹരജി നൽകിയത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും കേസിൽപെടുത്താൻ കെ. സുധാകരൻ പൊലീസിനെ വിരട്ടിയെന്നാണ് അഭിഭാഷകൻ കൂടിയായ ഷെഫീർ കണ്ണൂരിൽ പ്രസംഗത്തിൽ പറഞ്ഞത്.
അന്വേഷണം നടത്തിയല്ല പ്രതികളെ തീരുമാനിച്ചതെന്ന് പി. ജയരാജൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ പൊലീസിനെ വിരട്ടിയാണ് പ്രതിചേർത്തതെന്നാണ് ഷെഫീർ പറഞ്ഞത്. കൊലപാതകം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാണ് അന്ന് പൊലീസ് സി.പി.എം നേതാക്കൾക്കെതിരെ കുറ്റം ചുമത്തിയത്. അത് പൊലീസിനെ വിരട്ടിയാണെന്നാണ് ഷെഫീർ പറയുന്നത്. ഹൈകോടതി വിധിയെ തുടർന്ന് അന്വേഷണം സി.ബി.ഐക്ക് വിട്ടപ്പോൾ ഡൽഹിയിലും സുധാകരൻ സ്വാധീനം ചെലുത്തിയതായി ഷെഫീർ പറയുന്നു.
തെളിവുകളെ അടിസ്ഥാനപ്പെടുത്തിയല്ല, കൃത്യമായ രാഷ്ട്രീയ വിരോധംവെച്ചാണ് സി.പി.എം നേതാക്കളെ പ്രതിചേർത്തതെന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. അത് ശരിയാണെന്നു തെളിയിക്കുന്നതാണ് കെ.പി.സി.സി സെക്രട്ടറിയുടെ വാക്കുകൾ. നിരപരാധികളെ രാഷ്ട്രീയ വിരോധത്തിൽ പ്രതി ചേർത്തത് ബോധപൂർവമാണ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ സാക്ഷിയാക്കിയാണ് ഷെഫീർ ഈ പ്രഖ്യാപനം നടത്തിയത്. അത് തെറ്റാണെങ്കിൽ സുധാകരൻ തിരുത്തുമായിരുന്നു. എന്നാൽ, ഇതുവരെ സുധാകരൻ അത് നിഷേധിച്ചിട്ടില്ല. കെ. സുധാകരനെയും ഷെഫീറിനെയും ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തുവരുമെന്നും ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.