അരിയില്‍ ഷുക്കൂര്‍ വധം: വിചാരണ മേയ് അഞ്ചുമുതല്‍
text_fieldsകൊച്ചി: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ മേയ് അഞ്ചിന് വിചാരണ തുടങ്ങും. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിലാണ് രണ്ടു ഘട്ടമായുള്ള വിചാരണ. കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ ആദ്യഘട്ടത്തില്‍ വിസ്തരിക്കും.
മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തില്‍ വിചാരണ ചെയ്യും. വിചാരണകൂടാതെ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി. ജയരാജനും മുന്‍ എം.എല്‍.എ ടി.വി. രാജേഷും നല്‍കിയ വിടുതല്‍ ഹരജികള്‍ കോടതി തള്ളിയിരുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ജയരാജനും രാജേഷിനുമെതിരെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്.
കൊലപാതകം നടന്ന് 12 വർഷം കഴിഞ്ഞാണ് കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. 33 പ്രതികളുള്ള കേസിൽ രണ്ട് പേർ മരണപ്പെട്ടു. 2012 ഫെബ്രുവരി 20നാണ് ഷുക്കൂറിനെ പട്ടുവത്തിനടുത്തുവെച്ച് പട്ടാപ്പകൽ കൊലപ്പെടുത്തിയത്. കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ജയരാജനും രാജേഷിനുമെതിരായ ആരോപണം. പട്ടുവത്ത് വെച്ച് ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ വാദം.
ആക്രമണത്തിന് പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ജയരാജനും രാജേഷും ഉൾപ്പെടെ ആറു പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.