അഭിമന്യുവിന് പകരമുണ്ട് അർജുൻ; മനോഹരന് മനോജിെൻറ ഉറപ്പ്
text_fieldsവട്ടവട (ഇടുക്കി): ‘‘ഒട്ടും സങ്കടപ്പെടരുത്, അഭിമന്യു ജീവിക്കും... അർജുനിലൂടെ’’ - അഭിമന്യുവിെൻറ അച്ഛൻ മനോഹരെൻറ കൈകൾ ചേർത്തുപിടിച്ച് അർജുെൻറ അച്ഛൻ മനോജ് ഇതു പറയുമ്പോൾ ആ കുടുസുമുറി വീട്ടിൽ വീണ്ടും തേങ്ങലുയർന്നു. എറണാകുളം മഹാരാജാസ് കോളജ് മതിലിനരികിൽ കത്തിത്തുമ്പിൽ പിടഞ്ഞുവീണ് അഭിമന്യു മരിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. ഒപ്പം കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന അർജുെൻറ ആവശ്യപ്രകാരമാണ് അച്ഛൻ കൊട്ടാരക്കര ഇഞ്ചക്കാട് കൃഷ്ണപ്രയാഗിൽ എം.ആർ. മനോജ് ബന്ധുക്കളെയും കൂട്ടി വട്ടവട കൊട്ടക്കാമ്പൂർ കോളനിയിലെത്തിയത്. വാക്കുകൾ ഇടക്കിടെ ഇടറി ഏറെ വൈകാരികമായി ആ കൂടിക്കാഴ്ച.
അധ്യാപകനായി ജോലി ചെയ്യുന്ന മനോജ് ഉത്തർപ്രദേശിൽനിന്ന് ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ‘‘ഐ.സി.യുവിൽ കയറാൻ അനുവാദം കിട്ടിയപ്പോൾ അർജുൻ ആദ്യം ചോദിച്ചത് അഭിമന്യുവിെൻറ വീട്ടിൽ പോയോയെന്നാണ്. പൊലീസുകാർ അറിയിച്ചപ്പോഴാണ് കൂട്ടുകാരൻ ഇനിയില്ലെന്ന വിവരം മകൻ അറിഞ്ഞത്. അഭിമന്യുവിെൻറ വീട്ടിൽ എന്താണ് കൊടുക്കേണ്ടതെന്ന് ചോദിച്ചപ്പോൾ സ്നേഹം മാത്രം മതിയെന്നായിരുന്നു അർജുെൻറ മറുപടി’’ -മനോജിെൻറ വാക്കുകൾ ഇടറുന്നു.
‘‘ആവതായാൽ അവനിവിടെ വരും. എന്നിട്ടേ കോളജിൽ പോലും പോകൂ’’. അഭിമന്യുവിെൻറ അമ്മ ഭൂപതിയും സഹോദരങ്ങളായ കൗസല്യയും പരശിതും നിറമിഴികളോടെ കേട്ടുനിന്നു. ആശുപത്രിയിൽ അമ്മ ജെമിനിയാണ് അർജുന് കൂട്ടിരിക്കുന്നത്. അഭിമന്യുവിെൻറ സഹോദരി കൗസല്യയുടെ വിവാഹ നിശ്ചയത്തിന് അർജുൻ കൊട്ടക്കാമ്പൂരിലെത്തിയിരുന്നു. ആ വരവിൽ തന്നെ അവന് മനസ്സിലായി, തങ്ങളുടെ ഹോസ്റ്റൽ മുറിപോലും എത്രമാത്രം ആഡംബരമാണ് കൂട്ടുകാരനെന്ന്. അതിൽ പിന്നെ കോളജ് ഫീസടക്കുന്നതും ഭക്ഷണം കഴിക്കുന്നതു പോലും ഇവരടങ്ങിയ സുഹൃദ് സംഘം ഒരുമിച്ചായി. പലപ്പോഴും അഭിമന്യുവിന് കാശൊക്കും വരെ ആരും ഫീസടക്കാറുമില്ല.
അർജുന് അഭിമന്യുവിനെ പോലെ മഹാരാജാസിൽ പഠിക്കണമെന്നത് വലിയ സ്വപ്നമായിരുന്നു. അവധി ദിവസങ്ങളിൽ വരുമാനം ഒപ്പിക്കാൻ അഭിമന്യുവിനൊപ്പം പോസ്റ്റർ ഒട്ടിക്കാനും മറ്റും കൂട്ടുപോയി. എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങളിലും സഖാക്കളായി ഇരുവരും കാമ്പസിൽ നിറഞ്ഞുനിന്നു. കരളിൽ ആഴത്തിലേറ്റ കുത്തിെൻറ പരിക്കിൽനിന്ന് സാവകാശം ഭേദപ്പെട്ടു വരികയാണ് അർജുൻ. മൂന്ന് ശസ്ത്രക്രിയകൾ വേണ്ടിവന്നു. മനോജിനൊപ്പം ബന്ധുക്കളുമെത്തി. ഒരു മണിക്കൂർ പറഞ്ഞിട്ടും തീർന്നില്ല മക്കളുടെ വിശേഷങ്ങൾ. വിധി അവരെ പിരിച്ചെങ്കിലും ഇനിയെന്നും അഭിമന്യുവിെൻറ കുടുംബത്തിന് അർജുൻ കൂട്ടായുണ്ടാകുമെന്ന് നനവോടെ പറഞ്ഞിട്ടായിരുന്നു മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.