അർജുനയുടെ കളത്തിൽ യാക്കര
text_fieldsപാലക്കാട്: അര്‍ജുന പുരസ്കാരത്തിന്റെ വാർത്തയെത്തുമ്പോൾ അത്രമേൽ ആഹ്ലാദത്തിലായിരുന്നു കണ്ണാടി പുഴയോരത്തെ യാക്കര കളത്തിൽ വീട്. ശ്രീശങ്കറിന്റെ ചിത്രം കമ്പികൊണ്ട് തീർത്ത ജനാലകളിൽ ഒളിമ്പിക്സ് ചിഹ്നം ആലേഖനം ചെയ്ത ഈ വീട് ഈ നിമിഷത്തിന് എന്നോ തയാറെടുത്തിരുന്ന പോലെ. വാർത്ത എത്തിയതോടെ ആവേശം, ഏറക്കുറെ ഉറപ്പിച്ചിരുന്നതുകൊണ്ടുതന്നെ കരുതിവെച്ച മധുരവുമായി ആഘോഷം. മുൻ കായികതാരങ്ങളായ പിതാവ് എസ്. മുരളിക്കും അമ്മ ബിജിമോൾ മുരളിക്കും ഒപ്പം ശ്രീശങ്കറിന്റെ സഹോദരി ശ്രീപാർവതിയും വലിയച്ഛൻ ഹരിഹരനും മക്കളുമെല്ലാം ആനന്ദാശ്രുക്കളോടെ വീട്ടിൽ സ്നേഹസന്തോഷങ്ങൾ പങ്കിട്ടു.
ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളിയാണ് എം. ശ്രീശങ്കര്‍. 2023 ജൂണിൽ പാരീസിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ ലോങ് ജംപിൽ വെങ്കല മെഡൽ നേടിയ 24കാരനായ ശ്രീശങ്കർ നിലവിൽ തിരുവനന്തപുരം ആർ.ബി.ഐയിൽ അസി. മാനേജറായി ജോലി ചെയ്യുകയാണ്. 2023ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ലോങ് ജംപ് ഇനത്തിൽ വെള്ളി നേടിയിരുന്നു. 2022ൽ ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ശ്രീശങ്കർ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും നാടിന്റെ യശസ്സുയർത്തി.
2018 ജൂണിൽ ഭുവനേശ്വർ ദേശീയ ഓപൺ ചാമ്പ്യൻഷിപ്പിൽ 8.20 മീറ്റർ ചാടി ദേശീയ റെക്കോഡിട്ടതോടൊണ് ശങ്കു ജംപിങ് പിറ്റിലെ ഇന്ത്യൻ സൂപ്പർ താരമായി വളർന്നത്. അഞ്ചു വർഷത്തെ കരിയറിലെ ഉയർച്ചകൾക്കിടെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി. മാതാപിതാക്കളും അത്ലറ്റിക്സിൽ രാജ്യാന്തര താരങ്ങളായിരുന്നു. 1989ലെ ഇസ്ലാമാബാദ് സാഫ് ഗെയിംസിൽ ട്രിപ്പ്ൾ ജംപിൽ വെള്ളി മെഡൽ ജേതാവായിരുന്നു എസ്. മുരളി. ബിജിമോൾ 1992 ഡൽഹി ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിയും 4x400 മീറ്റർ റിലേയിൽ സ്വർണവും നേടിയ താരം.
സഹോദരി ശ്രീ പാർവതി ട്രിപ്പ്ൾ ജംപ് താരമാണ്. അടുത്ത ഒളിമ്പിക്സ് തന്നെയാണ് ലക്ഷ്യമെന്ന് ശ്രീശങ്കറിന്റെ പിതാവും പരിശീലകനുമായ മുരളി പറഞ്ഞു. ശ്രീശങ്കറിന്റെ പരിശീലനം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അർജുന അവാർഡ് മുന്നോട്ടുള്ള കുതിപ്പിൽ പ്രചോദനമാണെന്നും മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.