പ്രതീക്ഷയിലും ആശങ്കയിലും മുങ്ങിത്താണ് അർജുന്റെ കുടുംബം
text_fieldsകോഴിക്കോട്: അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കുമെന്ന അഭ്യൂഹത്തിൽ വേവലാതിപ്പെട്ട് മലയാളികളും അർജുന്റെ കുടുംബവും. രണ്ടാഴ്ചയോളമാകുന്ന തിരോധാനത്തിൽ അർജുനെ കണ്ടെത്തുമെന്ന ലക്ഷക്കണക്കിനാളുകളുടെ പ്രതീക്ഷകളെ നിരാശയിലേക്ക് എത്തിക്കുന്നതായിരുന്നു ഞായറാഴ്ച വൈകീട്ടത്തെ രക്ഷാപ്രവർത്തകരുടെ മടങ്ങിപ്പോക്ക്.
അർജുനെ കണ്ടെത്താനുള്ള തിരച്ചിലിന് തങ്ങളാലാവും വിധം ഇടപെടൽ നടത്തവെയാണ് ഞായറാഴ്ച വൈകീട്ട് തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന ദുഃഖകരമായ വാർത്ത പരന്നത്. അർജുന്റെ കുടുംബത്തിലും വാർത്തയെത്തിയതോടെ അവരും ആധിയിലായി. കർണാടകയിൽ നടക്കുന്ന അവലോകന തീരുമാനത്തിനുശേഷം തങ്ങളുടെ അഭിപ്രായം പറയാമെന്ന അവസ്ഥയലിലേക്ക് കുടുംബം എത്തി. വൈകീട്ട് മാധ്യമങ്ങളെ കണ്ടപ്പോൾ തിരച്ചിൽ അവസാനിപ്പിക്കുമെന്ന വിവരം വേദനയുണ്ടാക്കിയതായി സഹോദരി അഞ്ജു പറഞ്ഞു. അവിടെയുള്ള എല്ലാ വിവരങ്ങളും ബന്ധുക്കൾ അറിയിക്കുന്നുണ്ടെങ്കിലും ലോറി കണ്ടെത്തിയതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാത്തത് വേദനയുളവാക്കുകയാണെന്നും അഞ്ജു പറഞ്ഞു.
തിരച്ചിലിന്റെ വേഗം വർധിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലും തെരുവുകളിലും ഉണ്ടായ കൂട്ടായ്മകൾ കേരളത്തിൽ സമാനതകളില്ലാത്ത സംഭവമായിരിക്കെ പെട്ടെന്ന് പിൻവലിയുന്നത് വിമർശനങ്ങൾക്കിടയാക്കുമെന്ന് അധികൃതർ തിരിച്ചറിഞ്ഞു. തിരച്ചിൽ അവസാനിപ്പിക്കാനുള്ള തീരുമാനം കുടുംബത്തിന്റെ ദുഃഖം ഇരട്ടിയാക്കുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന തിരിച്ചറിവിലും ദൗത്യം തുടരാൻ നാനാവിധ ഭാഗങ്ങളിൽനിന്ന് സമ്മർദവുമുണ്ടായി. ഇതേതുടർന്നാണ് തിരച്ചിൽ തുടരാൻ തീരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.