'അർജുന്‍റെ കുടുംബത്തെ വെറുതെ വിടണം; 11 ദിവസമായി വേദനിച്ച് കഴിയുകയാണ് അവർ'
text_fieldsകോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോടസ് സ്വദേശി അർജുന്‍റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് എം.കെ. രാഘവൻ എം.പി. 11 ദിവസമായി അവർ വേദനിച്ചു കഴിയുകയാണെന്നും കുടുംബത്തെ വെറുതെ വിടണമെന്നും എം.പി പറഞ്ഞു. അർജുനെ കണ്ടെത്തായി ഗംഗാവലി നദിയിൽ തിരിച്ചിൽ തുരുമെന്നും മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യുന്നുണ്ടെന്നും എം.കെ. രാഘവൻ പ്രതികരിച്ചു.
“അർജുന്‍റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണം ഒരിക്കലും പാടില്ലാത്തതാണ്. കഴിഞ്ഞ 11 ദിവസമായി ആ കുടുംബം വേദനിച്ചു കഴിയുകയാണ്. ദയവുചെയ്ത് ആരും സൈബർ ആക്രമണം നടത്തരുത്. അതൊരു ചർച്ചയോ വിവാദമോ ആക്കരുതെന്നാണ് എന്‍റെ അഭ്യർഥന.
അർജുന് വേണ്ടിയുള്ള തിരച്ചിൽ ഉടൻ അവസാനിപ്പിക്കുമെന്നത് ശരിയായ പ്രചാരണമല്ല. ഇന്നും നാളെയും കൊണ്ട് ഒരു റിസൾട്ട് കാണുമെന്നാണ് കരുതുന്നത്. തെർമൽ സ്കാൻ ഉൾപ്പെടെയുള്ളപരിശോധകൾ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഡൈവർമാരെ നദിയിലിറക്കുകയെന്നത് പ്രയാസമാണ്. അടിയൊഴുക്ക് ശക്തമായതിനാൽ നേവിക്കാർ പോലും ഇറങ്ങി തിരികെ കയറിയിരിക്കുകയാണ്. മനുഷ്യസാധ്യമായ എല്ലാം അവിടെ ചെയ്യുന്നുണ്ട് -എം.കെ. രാഘവൻ പറഞ്ഞു.
നേരത്തെ വാർത്താസമ്മേളനത്തിനിടെ അർജുന്‍റെ അമ്മ ഷീല പറഞ്ഞ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്താണ് സൈബർ ആക്രമണം നടന്നത്. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ട് മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് ഷീല പറഞ്ഞത്. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷ ഇല്ലാതായെന്നും കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞിരുന്നു. സൈബർ ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെ കാണുന്നതിൽ നിന്ന് അർജുന്‍റെ കുടുംബം വിട്ടുനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.