ലോറിയുടെ ആർ.സി എന്റെ പേരിൽ, എന്റെയും ജ്യേഷ്ഠന്റെയുമാണ് വണ്ടി -മനാഫിന്റെ സഹോദരൻ മുബീൻ
text_fieldsകോഴിക്കോട്: അർജുൻ അപകടത്തിൽപെട്ട ലോറിയുടെ ആർ.സി തന്റെ പേരിലാണെങ്കിലും അതിന്റെ ഉടമസ്ഥാവകാം തനിക്കും േജ്യഷ്ടനുമുള്ളതാണെന്ന് മനാഫിന്റെ സഹോദരൻ മുബീൻ. ലോറി മനാഫിന്റേതല്ലെന്നും അയാൾക്ക് ലോറിയില്ലെന്നുമുള്ള അർജുന്റെ അളിയൻ ജിതിന്റെ ആരോപണത്തെ കുറിച്ചാണ് മുബീന്റെ പ്രതികരണം.
‘ഈ വാഹനത്തിന്റെ ആർ.സി എന്റെ പേരിലാണുള്ളത്. ഞാനും ജ്യേഷ്ഠനും വാപ്പ ഉള്ള കാലം മുതലേ വാപ്പയുടെ കൂടെയായിരുന്നു ബിസിനസ്. വാപ്പയുടെ മരണശേഷം ഞങ്ങൾ കച്ചവടം ഒരുമിച്ച് തന്നെയാണ് ചെയ്യുന്നത്. വാഹനം എന്റെതും ജ്യേഷ്ഠന്റെതും കൂടിയാണ്. എനിക്ക് മീഡിയയുടെ മുന്നിൽ വന്ന് സംസാരിക്കാൻ അറിയില്ല’ -മുബീൻ പറഞ്ഞു.
വാപ്പയുടെ ബിസിനസാണിതെന്നും നാലുമക്കളുടെ പേരിലാണ് സ്വത്തുക്കളെന്നും ഒന്നും ഭാഗം വെച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. ‘ഞാനാണിപ്പോൾ കുടുംബനാഥൻ. ഓരോരുത്തർക്കും ഓരോ കടമകളുണ്ട്. വാഹനങ്ങൾ വാങ്ങുന്നത് മുബീന്റെ പേരിലാണ്. എന്തെങ്കിലും ആക്സിഡന്റോ മറ്റോ സംഭവിച്ചാൽ അവനാണ് കൂടുതൽ യാത്ര ചെയ്യാൻ കഴിയുക. ഞാൻ അക്കാര്യത്തിൽ പിന്നിലാണ്. ഇത് ഞങ്ങളുടെ ഫാമിലി ബിസിനസാണ്. ഇതാണ് ഈ വിഷയത്തിലുള്ള ക്ലാരിറ്റി’ -മനാഫ് പറഞ്ഞു.
അർജുൻ പോയെന്നും ഇനി വിവാദങ്ങളോ കുടുംബത്തിന് എതിരെയുള്ള ആക്ഷേപങ്ങളോട തുടരരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ‘അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. കുടുംബത്തിന് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കിൽ മാപ്പ് ചോദിക്കുകയാണ്. അവിചാരിതമായാണ് വിവാദം ഉണ്ടായത്. അർജുൻ്റെ കുടുംബത്തോട് ഒപ്പം തന്നെയാണെന്നും. ഇതിന്റെ പശ്ചാതലത്തിൽ പിആർ വർക്ക് ചെയ്തിട്ടില്ല. ഉയർന്നു വന്ന വിവാദത്തിൽ വിശദീകരണം നൽകാനാണ് മാധ്യമങ്ങളെ കണ്ടത്. ഇന്നലെ കുടുംബത്തിന്റെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കേട്ടപ്പോൾ അൽപം വൈകാരികമായി പ്രതികരിച്ചുപോയി. അത് കൊണ്ടാണ് എന്തുവന്നാലും ലോറിക്ക് അർജുന്റെ പേരിടുമെന്ന് പറഞ്ഞത്. കുടുംബത്തിന് അത് ഇഷ്ടമല്ലെങ്കിൽ ഞാൻ അർജുന്റെ പേരിടില്ല. നമ്മുടെ അർജുൻ പോയില്ലേ. ഇനി വിവാദങ്ങൾ വേണ്ട. അർജുന് 75000 രൂപ വരെ ചില മാസങ്ങളിൽ പ്രതിഫലം നൽകിയതിന് തെളിവുണ്ട്. ലോറിയുടെ കണക്കുകൾ എഴുതിയ പുസ്തകത്തിൽ പണം കൈപ്പറ്റിയതിന് അർജുൻ ഒപ്പിട്ടിട്ടുണ്ട്. ചിലപ്പോൾ അതിനേക്കാൾ കൂടുതലും ചിലപ്പോൾ കുറവും പ്രതിഫലം കിട്ടിയിട്ടുണ്ട്. പ്രതിഫലക്കാര്യം ഞാൻ പുറത്ത് പറഞ്ഞത് അർജുന്റെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കും എന്നുള്ളതിനാലാണ്. ജീവിച്ചിരിക്കെ ലഭിച്ചു കൊണ്ടിരുന്ന ശമ്പളവും പ്രായവും പരിഗണിച്ചാണ് ഇൻഷുറൻസ് കണക്കാക്കുക എന്നാണ് അറിവ്’ -മനാഫ് പറഞ്ഞു.
പണപിരിവ് നടത്താൻ മാത്രം സാമ്പത്തിക പ്രയാസമുള്ള ആളല്ല താൻ. മുക്കത്ത് ഒരു പരിപാടിക്ക് തന്നെ ക്ഷണിക്കുകയും തനിക്ക് പണം തരാമെന്ന് സംഘാടകർ പറയുകയും ചെയ്തു. പക്ഷെ പണം വേണ്ടന്ന് പറഞ്ഞപ്പോൾ അവർ നിർബന്ധിക്കുകയും തുടർന്ന് അർജുൻ്റെ മകന് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനു വേണ്ടി അർജുന്റെ മകന്റെ അക്കൗണ്ട് നമ്പർ ചോദിച്ചിരുന്നു. ഇതാണ് പണപ്പിരിവായി പറയുന്നത്. എന്നാൽ കുടുംബം പണം ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ താൻ ആ തുക വാങ്ങിയില്ല -മനാഫ് പറഞ്ഞു.
ജനങ്ങളിലേക്ക് വിഷയങ്ങൾ എത്തിക്കാനുള്ള മാധ്യമമായാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. അർജുൻ്റെ ഫോട്ടോ ചാനലിന്റെ പ്രൊഫൈലായി വെച്ചിരുന്നു. അത് മാറ്റി. തൻ്റെ യുട്യൂബ് ചാനൽ മോണിറ്റൈസ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ തർക്കത്തിലേക്ക് കൊണ്ട് പോകരുത് -മനാഫ് അഭ്യർഥിച്ചു. അർജുൻ്റെ കുടുംബത്തിന് എതിരെയുള്ള സമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫ് ആവശ്യപ്പെട്ടു. അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും അവർക്ക് പ്രയാസം ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.