‘അതിനകത്തുള്ളത് എന്റെ മകനാണ്, എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെടുന്നു’
text_fieldsകോഴിക്കോട്: ‘അതിനകത്തുള്ളത് എന്റെ മകനാണ്. ഞങ്ങൾ തമ്മിലുള്ള ബന്ധം നിങ്ങൾക്കറിയില്ല, അമ്മയും ഭാര്യയും മകനും കൂട്ടുകാരെപോലെയാണ് കഴിഞ്ഞത്. മനസ്സുകൊണ്ട് സംസാരിക്കുന്നവരായിരുന്നു ഞങ്ങൾ. ഒരാളുടെ മനസ്സിലെ ചിന്ത മൂന്നുപേരുടെ ഉള്ളിലും ഒരുപോലെ പോകും. മകനെ ഇനി ജീവനോടെ കിട്ടുമെന്ന ഒരു പ്രതീക്ഷയുമില്ല. അവന് അപകടത്തിൽ എന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ അത് ഉൾക്കൊള്ളും. സഹനം എന്നതിന്റെ അങ്ങേതലക്കൽ എത്തിയിരിക്കുന്നു’ -കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മാതാവ് ഷീലയുടെ വാക്കുകളിൽ നിരാശയും ഈർഷ്യയും കോപവുമെല്ലാം മലവെള്ളപ്പാച്ചിൽ പോലെ പുറത്തുവരികയാണ്. രക്ഷാപ്രവർത്തനങ്ങളിലെ പാളിച്ചകളിലേക്കാണ് ഇവർ വിരൽചൂണ്ടുന്നത്.
മകൻ തിരിച്ചുവരുമെന്ന് രണ്ടുദിവസം മുമ്പുവരെ പ്രതീക്ഷയോടെ കാത്തിരുന്ന മാതാവിന്റെ മുന്നിലേക്ക് ഏഴുനാൾ കഴിഞ്ഞിട്ടും ആഗ്രഹിച്ചപോലെ ഒരു ശുഭവാർത്തയും എത്താതായതോടെ തങ്ങൾക്കുണ്ടായ ദുർവിധിയെ മാത്രമല്ല ശപിക്കുന്നത്, ആപത്തിൽ ആരും സഹായിച്ചില്ലെന്ന രോഷവും അവരുടെ വാക്കുകളിൽ പ്രകടം. ‘സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അവർക്ക് ഒന്നും ചെയ്യാനായില്ല. സൈന്യത്തിന്റെ ഈ അവസ്ഥയിൽ വലിയ വിഷമമുണ്ട്’ -അവർ പറഞ്ഞു. ‘പട്ടാളത്തെ ഞങ്ങൾക്കുവേണ്ടി ഇത്രയും ചെലവ് ചെയ്ത് വരുത്തിയത് ആരെയോ കാണിക്കാനുള്ള കോമാളിത്തരമാണ്. ഒരുമനുഷ്യനെ രക്ഷിക്കാൻ ആവശ്യമായ ഒരുകാര്യവും അവരുടെ കൈയിലില്ല. ഇനി നേവി വന്നു തിരയുമെന്ന് പറയുന്നു. കഴിഞ്ഞദിവസം തിരഞ്ഞതും നേവിയായിരുന്നില്ലേ? വാഹനം അവിടെയില്ലെന്ന് തെളിയിക്കേണ്ടത് ചിലരുടെ അഭിമാന പ്രശ്നമാണോയെന്ന് സംശയമുണ്ട്. രണ്ട് ലോറി ഉടമകളെയും ഡ്രൈവർമാരെയും അവിടേക്ക് കടത്തിവിടുന്നില്ല. അവരോട് കള്ളന്മാരെ പോലെയാണ് പൊലീസ് പെരുമാറുന്നത്. നമ്മൾ മലയാളികൾ ആയതുകൊണ്ട് മാത്രമാണ് എല്ലാ ശ്രദ്ധയും പിന്തുണയും കിട്ടിയത്. ഇതൊന്നും ലഭിക്കാത്ത തമിഴന്മാരായ മൂന്നുപേരുടെ ആളുകളെ അവിടെ ആട്ടിയോടിക്കുകയാണ്. അവർക്ക് നീതി ലഭിക്കുന്നില്ല. അവരെ ആരും ശ്രദ്ധിക്കുന്നില്ല. അഫ്ഗാനിൽ ജീവിക്കുംപോലെയാണ് തോന്നുന്നത്. ഈ സംസ്ഥാനം ഇന്ത്യയിൽതന്നെയാണോ എന്നാണ് സങ്കടം ഒതുക്കാനാവാതെ മാതാവ് ചോദിക്കുന്നത്.
കേന്ദ്ര-കർണാടക സർക്കാറുകളിൽ വിശ്വാസമില്ല. ഞങ്ങളുടെ എം.പിയിലും ഇവിടത്തെ അധികൃതരിലും മാധ്യമങ്ങളിലും മാത്രമാണ് ഇനിയുള്ള വിശ്വാസം. പട്ടാളക്കാർ എന്നു പറയുന്നത് അഭിമാനത്തോടെ കാണുന്നവരാണ് തങ്ങൾ. അച്ഛൻ പട്ടാളക്കാരനായിരുന്നു. ആ അഭിമാനമെല്ലാം ഇപ്പോൾ തെറ്റിപ്പോയി -അവർ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.