പൊന്നാനി കോട്ടത്തറ ക്ഷേത്രത്തിന് സമീപം കലുങ്കിനടിയിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി
text_fieldsപൊന്നാനി: കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം തലപ്പിൽ ഫുട്പാത്തിലെ കലുങ്കിനടിയിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി.14 വടിവാളുകളാണ് ശുചീകരണ തൊഴിലാളികൾ കണ്ടെടുത്തത്. രാവിലെ 10 മണിയോടെ കലുങ്ക് ശുചീകരിക്കാനെത്തിയ പൊന്നാനി നഗരസഭ തൊഴിലാളികൾ ജോലിക്കിടെയാണ് ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ട വടിവാളുകൾ കണ്ടെത്തിയത്.
രണ്ടു വർഷത്തിലധികം പഴക്കം കണക്കാക്കുന്ന വടിവാളുകളാണ് ലഭിച്ചത്. തുരുമ്പെടുത്ത നിലയിലാണ്. പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പതിയാത്ത സ്ഥലമാണിത്. നേരത്തെ ഈ മേഖലയിൽ ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങൾ നിലനിന്നിരുന്നു. ഇതിെൻറ ഭാഗമായി ആരെങ്കിലും ആയുധങ്ങൾ ഒളിപ്പിച്ച് വച്ചതാകാമെന്നും സംശയിക്കുന്നു. പൊതുവിൽ സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമമാണിതെന്ന് കൗൺസിലർ ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വാളുകൾ കണ്ടെടുത്തു. വിഷയത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി.ജെ.പി.നേതാവ് സി.എച്ച് വിജയതിലകൻ പറഞ്ഞു. പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിൽ ആയുധശേഖരം കണ്ടെത്തുന്നത്. അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.