സൈന്യത്തിൽ ചേർക്കാൻ കോഴ: ബി.ജെ.പി മേഖല സെക്രട്ടറിക്കെതിരെ േകസ്
text_fieldsകോഴിക്കോട്: സൈന്യത്തിൽ ചേർക്കാൻ ആർ.എസ്.എസുകാരനിൽ നിന്ന് കോഴവാങ്ങിയ സംഭവത്തിൽ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. മലബാറിലെ അഞ്ചുജില്ലകളുടെ ചുമതല വഹിക്കുന്ന മേഖല സെക്രട്ടറി കക്കട്ടിൽ അമ്പലക്കുളങ്ങര മീത്തലെ പറമ്പിൽ എം.പി. രാജനെതിരെയാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. വിശ്വാസവഞ്ചന, സാമ്പത്തികതട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് സി.െഎ ടി. സജീവൻ പറഞ്ഞു. എസ്.െഎ പി.എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല.
കക്കട്ടിൽ പാതിരപ്പറ്റ ഒതയോത്ത് അശ്വതിൽനിന്ന് 1.40 ലക്ഷം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. പാതിരപ്പറ്റയിലെ ആർ.എസ്.എസ് ശാഖ മുഖ്യശിക്ഷകായിരിക്കെ ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് പൂർത്തിയാക്കിയ അശ്വതിനെ രണ്ട് ലക്ഷം രൂപ കോഴ നൽകിയാൽ ഒന്നരമാസത്തിനകം സൈന്യത്തിൽ ജോലിവാങ്ങിത്തരാമെന്ന് പറഞ്ഞ് എം.പി.
രാജൻ സമീപിക്കുകയായിരുന്നു. ജൂലൈ നാലിന് വേട്ടാളിയിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂൾ സെക്രട്ടറി കുനിയിൽ മുകുന്ദെൻറ സാന്നിധ്യത്തിൽ സ്കൂളിൽ വെച്ച് ലക്ഷം രൂപ കൈമാറി. പിന്നീട് പലതവണ അന്വേഷിച്ചപ്പോഴും ഉടൻ ജോലി ലഭിക്കുമെന്ന് പറയുക മാത്രമാണ് ചെയ്തത്. പിന്നീട് ആവശ്യപ്പെട്ടതിനെത്തുടർന്ന് 40,000രൂപ കൈമാറി.
അശ്വത് ബംഗളൂരുവിൽ പോയി തുക കൈമാറിയപ്പോൾ അവിടെ ഒരു പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെൻററിൽ അശ്വതിനെ ചേർക്കുകയും ഉടൻ ജോലിയിൽ പ്രവേശിക്കാനാവുമെന്നും പറഞ്ഞു. പിന്നീട് സ്ഥാപനത്തിൽ അന്വേഷിച്ചപ്പോഴാണ് ജോലി ശരിയായിട്ടില്ലെന്നും തട്ടിപ്പ് നടന്നതായും തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.