രക്ഷാപ്രവർത്തനത്തിന് കരസേനയും നാവിക സേനയും; തിരച്ചിലിന് ഡോഗ് സ്ക്വാഡും
text_fieldsതിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും രക്ഷാപ്രവർത്തന,ത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗമെത്തും. ബംഗളൂരുവിൽ നിന്നാണ് കരസേനയുടെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) അടിയന്തരമായി എത്തുക.
ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് എഞ്ചിനീയറിങ് വിഭാഗം എത്തുന്നത്. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്‍റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘവും എത്തും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായമാണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും
രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പൊലീസ് നായ്ക്കളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പൊലീസിന്‍റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താനാണ് നിർദേശം.തിരിച്ചലിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.
മേപ്പാടിക്ക് സമീപം മുണ്ടക്കൈ ടൗണിലും ചൂരൽമലയിലുമാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. 36ലധികം പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 80 പേരെ രക്ഷപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.
പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിന് സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.