ആയുർവേദ നഗരം ഇന്ന് ചിലങ്കയണിയും
text_fieldsകോട്ടക്കൽ: ആയുർവേദ നഗരത്തിൽ തിങ്കളാഴ്ച കലാകൗമാരം കാൽചിലങ്കയണിയും. ആരോഗ്യശാസ്ത്ര സർവകലാശാല ഇന്റർസോൺ കലോത്സവം കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിൽ രണ്ടാംദിനം വേദികളെ ഉണർത്തുന്നത് ജനപ്രിയ നൃത്ത മത്സരങ്ങളോടെയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങൾ മേളനഗരിയിൽ കാഴ്ചകളുടെ വർണവിസ്മയമൊരുക്കും.
പത്തുവേദികളിലായാണ് മത്സരങ്ങൾ. ആദ്യദിനം ഓഫ് സ്റ്റേജ് മത്സരങ്ങളോടെയാണ് കലോത്സവത്തിന് തുടക്കമായത്. വിവിധ രചന മത്സരങ്ങൾ, ക്വിസ്, ടോം ഡിക്ക് ആൻഡ് ഹാരി എന്നിവയായിരുന്നു ഞായറാഴ്ച പൂർത്തിയായ പ്രധാന മത്സരങ്ങൾ. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഗസ്സ, വെസ്റ്റ് ബാങ്ക്, ഖാൻ യൂനിസ്, ജബാലിയ എന്നിങ്ങനെയാണ് പ്രധാനവേദികൾക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ 120ലധികം കോളജുകളിൽനിന്ന് 3000ത്തോളം വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്. രാവിലെ ഒമ്പതുമുതൽ ഏഴ് വേദികളിലായി 16 സ്റ്റേജിനങ്ങളടക്കം 18 മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും. കലോത്സവ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കായിക മന്ത്രി വി. അബ്ദുറിഹ്മാൻ നിർവഹിക്കും. ചലച്ചിത്ര പിന്നണിഗായകൻ അതുൽ നറുക്കര മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.