അരൂർ നിയോജക മണ്ഡലം നിശ്ചലം
text_fieldsഅരൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ചേർത്തല താലൂക്ക് കണ്ടെയ്ൻമെൻറ് സോൺ ആക്കിയതോടെ അരൂർ നിയോജക മണ്ഡലം നിശ്ചലമായി. ദേശീയപാതയിലേക്കു കടക്കുന്ന മുഴുവൻ റോഡുകളും പൊലീസ് അടച്ചു. മതിയായ രേഖകളില്ലാതെ ആരെയും പൊലീസ് കടത്തിവിടുന്നില്ല. ദേശീയ പാതയിലേക്കുള്ള പ്രധാന റോഡുകളായ അരൂർ-അരൂക്കുറ്റി, എരമല്ലൂർ-എഴുപുന്ന, തുറവൂർ-തൈക്കാട്ടുശ്ശേരി, തുറവൂർ-കുമ്പളങ്ങി ഫെറി, തുറവൂർ-വളമംഗലം, ചമ്മനാട്-എഴുപുന്ന, വളമംഗലം-കാവിൽ റോഡ് തീരത്ത് അന്ധകാരനഴി-പള്ളിത്തോട് എന്നീ പ്രധാന റോഡുകളും നിരവധി ഇടറോഡുകളുമാണ് അടച്ചത്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ എട്ട് മുതൽ 11വരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
എരമല്ലൂർ-കുടപുറം, അരൂർ കെൽട്രോൺ-കുമ്പളങ്ങി ഫെറി എന്നിവിടങ്ങളിലെ ബോട്ട് ചങ്ങാടം സർവിസുകളും ആറു സ്ഥലത്തെ കടത്തുവഞ്ചി സർവിസുകളും നിലച്ചു. സ്വകാര്യ ബസുകളും ഒാട്ടോ ടാക്സികളും ഒാടുന്നില്ല. ഭയപ്പാട് മൂലം ജനം വീടുകളിൽ തന്നെ കഴിയുകയാണ്.
എഴുപുന്നയിലെ സമുദ്രോൽപന്ന കയറ്റുമതി കമ്പനിയിലെ 35 തൊഴിലാളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെയെല്ലാം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എഴുപുന്ന പഞ്ചായത്ത് 15ാം വാർഡിലെ നീണ്ടകര പ്രദേശം കണ്ടെയ്ൻമെൻറ് സോൺ ആയിട്ട് ഒരാഴ്ച പിന്നിടുന്നു.
ഇവിടെയുള്ള കോളനിയിൽ താമസിക്കുന്ന ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നീണ്ടകര പ്രദേശം കണ്ടെയ്ൻമെൻറ് സോൺ ആക്കിയത്. ഇവരുടെ സമ്പർക്കത്തിലുള്ള ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
അരൂരിലെ സമുദ്രോൽപന്ന കയറ്റുമതി ശാലകളുടെയും ചെമ്മീൻ പീലിങ് ഷെഡുകളുടെയും പ്രവർത്തനം പൂർണമായും നിലച്ചതോടെ ആയിരക്കണക്കിനു തൊഴിലാളികൾ ദുരിതത്തിലായി. ആദ്യ ലോക്ഡൗണ് പ്രഖ്യാപിച്ചപ്പോൾ രാഷ്ട്രീയ പാർട്ടിക്കാരും നിരവധി സംഘടനകളും സഹായം ചെയ്തിരുന്നു. ഇപ്പോൾ സഹായമില്ലാത്ത അവസ്ഥയാണ്.
തണ്ണീർമുക്കത്ത് ആശങ്ക
ചേർത്തല: മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തണ്ണീർമുക്കത്ത് ആശങ്ക. സമ്പർക്ക പട്ടിക വളരെ കൂടുതലുള്ളതിനാൽ ഇനിയും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
ചേർത്തല താലൂക്ക് ആശുപത്രിയിൽ രണ്ട് ജീവനക്കാരും വിദേശത്തുനിന്ന് എത്തിയ കരിക്കാട് സ്വദേശിയടക്കം ചേർത്തലയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേർത്തല താലൂക്ക് കണ്ടെയ്ൻമെൻറ് സോണാക്കി ജില്ല ഭരണകൂടം ഉത്തരവിറക്കിയത്. ചേർത്തല താലൂക്ക് ആശുപത്രിയിലും തണ്ണീർമുക്കത്ത് മൂന്ന് കേന്ദ്രത്തിലും അണുമുക്ത പ്രവർത്തനങ്ങളും തുടങ്ങി.
ജനപ്രതിനിധികളുടെ നേതൃത്യത്തിൽ വീടുകളിൽ അണുനശീകരണം നടത്തി. തണ്ണീർമുക്കത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 94 പേരെ നിരീക്ഷണത്തിലാക്കി. പഞ്ചായത്തിൽ ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിെൻറ നേതൃത്വത്തിൽ മുഴുവൻ വഴികളും പൊലീസ് പൂർണ നിയന്ത്രണത്തിലാക്കിയതോടൊപ്പം തണ്ണീർമുക്കം ബണ്ട് വഴിയുള്ള കോട്ടയത്തേക്കുള്ള പ്രവേശന കവാടം അടക്കുകയും പൊലീസ് താൽക്കാലിക ഔട്ട്പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യസുരക്ഷക്കായി റിവേഴ്സ് ക്വാറൻറീൻ രണ്ടു ദിവസത്തിനുള്ളിൽ നിർബന്ധമാക്കുന്നതോടൊപ്പം ടെലി മെഡിസിൻ സംവിധാനത്തോടെയുള്ള ചികിത്സ പദ്ധതി ഒരുക്കവും പൂർത്തിയാക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.