പരീക്ഷക്ക് എല്ലാ കുട്ടികളെയും എത്തിക്കേണ്ടത് അധ്യാപകരുടെ കടമ - വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാർഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് അധ്യാപകര്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളിലും വിദ്യാർഥികള്‍ എത്തുമെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം സ്‌കൂളിലെ പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തണം.
അധ്യാപകരുടെ സഹായത്തോടെ ഗതാഗത സൗകര്യം പ്രധാനാധ്യാപകന്‍ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്‌കൂള്‍ ബസുകള്‍, പി.ടി.എയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഇതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് തരുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
സ്‌കൂളുകള്‍ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാല്‍ 25ന് മുമ്പ് പരീക്ഷ ഹാളുകള്‍, ഫര്‍ണീച്ചറുകള്‍, സ്‌കൂള്‍ പരിസരം എന്നിവ ശുചിയാക്കണം. ആരോഗ്യവകുപ്പ്, പി.ടി.എ, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണം.
സാമൂഹിക അകലം പാലിക്കുന്നതിൻെറ ഭാഗമായി വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്‌കാനിങ് കഴിഞ്ഞ് സാനിറ്റൈസ് ചെയ്തശേഷം പരീക്ഷ ഹാളില്‍ എത്തിക്കണം. പരീക്ഷക്ക് മുമ്പും ശേഷവും വിദ്യാര്‍ഥികളെ കൂട്ടംചേരാന്‍ അനുവദിക്കരുത്. വിദ്യാർഥികള്‍ക്ക് മാസ്‌ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.