കരിപ്പൂർ സ്വർണക്കടത്ത്: രണ്ടുപേർ കൂടി അറസ്റ്റിൽ; കാബിൻ ക്രൂവിനെതിരെ നടപടി ഉടൻ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി കോഴിക്കോട് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ്(ഡി.ആർ.െഎ) പിടികൂടി. ചൊവ്വാഴ്ച കാബിൻ ക്രൂ ഉൾപ്പെടെയുള്ളവർ സ്വർണം കടത്തിയ സംഭവത്തിലാണിത്. ഷാർജയിൽനിന്നുള്ള വിമാനത്തിൽ സ്വർണവുമായി എത്തിയ യാത്രക്കാരനെയും സഹായിച്ചയാളെയുമാണ് പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.
സംഭവത്തിൽ സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അൻസാർ, കരിപ്പൂരിലെ കാറ്ററിങ് സ്ഥാപന ഡ്രൈവർ കാസർകോട് സ്വദേശി ജംഷീർ, സ്വർണം വാങ്ങാനെത്തിയ കണ്ണൂർ നൗഫൽ എന്നിവരെയാണ് ഡി.ആർ.െഎ സംഘം പിടികൂടിയത്. ഇവരിൽനിന്നും 61.89 ലക്ഷം രൂപ വിലവരുന്ന 1,283 ഗ്രാം സ്വർണം പിടികൂടി. മൂന്നുപേരും റിമാൻഡിലാണ്. സംഭവത്തിൽ ഊർജിത അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നാണ് സൂചന.
അതേസമയം, അറസ്റ്റിലായ കാബിൻ ക്രൂവിനെതിരെ എയർ ഇന്ത്യ എക്സ്പ്രസും നടപടി സ്വീകരിക്കും. വിഷയത്തിൽ ഡി.ആർ.െഎ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും ഇതിനുശേഷമായിരിക്കും നടപടിയെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വിശദീകരിച്ചു. ഇയാളെ ജോലിയിൽനിന്ന് പുറത്താക്കാനാണ് സാധ്യത.
ഒരുവർഷത്തിനിടെ കരിപ്പൂരിൽ പിടിയിലാകുന്ന രണ്ടാമത്തെ കാബിൻ ക്രൂവാണ് അൻസാർ. കഴിഞ്ഞ വർഷം നവംബറിലും ഡി.ആർ.െഎ നടത്തിയ പരിശോധനയിൽ ഒരാൾ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.