കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പിടികൂടൽ; കൈയടികൾക്കിടയിലും സംശയങ്ങൾ ബാക്കി
text_fieldsതിരുവനന്തപുരം: സഹോദരങ്ങൾക്കിടയിൽ ഉറങ്ങിക്കിടന്ന നാടോടിബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയ പ്രതിയെ ഒടുവിൽ പൊലീസ് വലയിലാക്കുമ്പോഴും സംശയങ്ങളും ദുരൂഹതകളും ബാക്കി.
കുട്ടിയെ കാണാതായ ഫെബ്രുവരി 18ന് ഒപ്പമുണ്ടായിരുന്ന സഹോദരങ്ങളിൽ രണ്ടുപേർ പൊലീസിനോട് പറഞ്ഞിരുന്നത് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നതായി കണ്ടുവെന്നതാണ്. ഇതനുസരിച്ച് സ്കൂട്ടറുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് ആദ്യഘട്ടത്തിൽ അന്വേഷണം ആരംഭിച്ചത്.
ഫെബ്രുവരി 19ന് പുലർച്ച 12നും ഒരുമണിക്കുമിടയിൽ സംശയാസ്പദമായി സ്കൂട്ടറിൽപോയവരെ പേട്ട സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഹസൻകുട്ടി പിടിയിലാകുമ്പോഴും സഹോദരങ്ങളുടെ മൊഴി തള്ളാനോ കൊള്ളാനോ പൊലീസ് തയാറായിട്ടില്ല. ഫെബ്രുവരി 18ന് രാത്രിയോടെ ഉറങ്ങിക്കിടന്ന കുട്ടിയെ ഉപദ്രവിക്കാനായി എടുത്തുകൊണ്ടുപോയ ഹസൻ കുട്ടി, പിന്നീട് പെൺകുട്ടി ബോധരഹിതയായപ്പോൾ മരിച്ചെന്ന് കരുതി രാത്രിതന്നെ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, കുട്ടിയെ കാണാനില്ലെന്ന പിതവിന്റെ പരാതിയെ തുടർന്ന് 19ന് പുലർച്ചയും രാവിലെയും പൊലീസും പരിസരവാസികളും കുട്ടിയെ കണ്ടെത്തിയ റെയിൽവേ പാളത്തിന് സമീപത്തെ ഓടയിൽ പരിശോധന നടത്തിയിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്.
കുട്ടിയും കുടുംബവും താമസിച്ചിരുന്ന 450 മീറ്റർ അകലെനിന്നാണ് കുട്ടിയെ 19ന് രാത്രി 7.30 ഓടെ പൊലീസിന് ലഭിക്കുന്നത്. 18ന് രാത്രിതന്നെ കുട്ടിയെ ഹസൻകുട്ടി ഓടയിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ 19ന് രാത്രി വരെ കുട്ടി ആരുടെയും കണ്ണിൽപ്പെടാതെ മയക്കത്തിലായിരുന്നോയെന്നാണ് ഉയരുന്ന മറ്റൊരു സംശയം.
കുട്ടിയെ കാണാതായതിനെ തുടർന്ന് രാത്രി കൊച്ചുവേളി പരിസരത്ത് മണ്ണന്തല സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് അന്ന് പൊലീസ് നൽകിയ മറുപടി.
എന്നാൽ, പരിസരവാസികൾ പറയുന്നത് എന്തോ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തേക്ക് വേഗം ഓടിയെത്തി കുട്ടിയെ ഓടയിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നെന്നാണ്.
തിരുവനന്തപുരം ഡി.സി.പി നിതിന് രാജിന്റെ നേതൃത്വത്തിൽ ശംഖുമുഖം എ.സി.പി. രാജപ്പൻ, എസ്.എച്ച്.ഒ ശ്രീജിത്ത്, എസ്.ഐമാരായ എം. ഉമേഷ്, സന്തോഷ്, അഭിലാഷ്, പൊലീസുകാരായ ടി.ജെ. സാബു, ഐ. ഷംനാദ്, എസ്. വിനോദ്, എ. അജിത്കുമാർ, രഞ്ജിത്ത് എം.സി, രാജീവ് കുമാർ ആർ, ഷിബു എസ്., ദീപുരാജ് ആർ.ടി. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.