പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റ് ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമം –കാരാട്ട്
text_fieldsകൊച്ചി: പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റ് ഭരണഘടനയെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങിയവരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്റെ സമ്മർദങ്ങൾക്ക് കീഴ്പ്പെടാത്തവരാണെന്ന് മനസ്സിലായതോടെയാണ് ഇവരെ ജയിലിലടച്ചത്. ഗുജറാത്തിലെ മുസ്ലിം വംശഹത്യക്കെതിരെ പൗരാവകാശ പ്രവർത്തകയെന്ന നിലയിൽ പുറത്തുനിന്ന് പോരാടിയ ആളാണ് ടീസ്റ്റ. ആർ.ബി. ശ്രീകുമാറും സഞ്ജീവ് ഭട്ടും ഭരണകൂടത്തിനുള്ളിൽനിന്നുകൊണ്ട് നിയമപരമായ പോരാട്ടം നടത്തി.
സുപ്രീംകോടതി വിധിന്യായമാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചതെന്നത് കൂടുതൽ അസ്വസ്ഥതപ്പെടുത്തുന്നു. ഗുജറാത്ത് വംശഹത്യക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള സാകിയ ജാഫ്രിയുടെ ഹരജിയിലുണ്ടായത് ചരിത്രത്തിലെ ഏറ്റവും മോശം വിധിന്യായമാണെന്നും കാരാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.