കെജ്രിവാളിന്റെ അറസ്റ്റ്; ഇ.ഡിയെ ചൊല്ലി സംസ്ഥാനത്ത് പോര്
text_fieldsതിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി അറസ്റ്റിനെതിരെ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോൾ കേരളത്തിൽ അതിനെച്ചൊല്ലി സി.പി.എം-കോൺഗ്രസ് വാക്പോര്.
കേന്ദ്രത്തിന്റെ അധികാര ദുർവിനിയോഗത്തെ എതിർക്കുമ്പോഴും ഇ.ഡിയെ ചൂണ്ടി എതിരാളിയെ പ്രതിക്കൂട്ടിലാക്കാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡിയുടെ ഭാഗത്തുനിന്ന് പുതിയ നീക്കമുണ്ടായേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് രാഷ്ട്രീയപോര് കടുക്കുന്നത്. കെജ്രിവാളിന്റെ അറസ്റ്റിനെ കോൺഗ്രസും സി.പി.എമ്മും ഒരുപോലെ എതിർക്കുകയാണ്. എന്നാൽ, കെജ്രിവാളിനെ രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ വ്യഗ്രത കാട്ടിയ ഇ.ഡി കേരളത്തിൽ മുഖ്യമന്ത്രിയടക്കം സി.പി.എം നേതാക്കൾ ആരോപണ വിധേയരായ കേസുകളിൽ ചെറുവിരൽ അനക്കുന്നില്ലെന്നാണ് കോൺഗ്രസിന്റെ വാദം.
കേരളത്തിൽ ഇ.ഡി വരാത്തത് പിണറായി-മോദി അന്തർധാരയുടെ തെളിവായും അവർ ഉയർത്തിക്കാട്ടുന്നു. കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘ്പരിവാര്‍ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെ എതിര്‍ക്കുകയും കേരളത്തിലെ ഇ.ഡി നടപടികളെ പിന്തുണക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് അപഹാസ്യമായ ഗോഷ്ഠികളെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ മറുപടി. കരിമണൽ മാസപ്പടി, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ലൈഫ് മിഷൻ, സ്വർണക്കടത്ത് തുടങ്ങിയവയെല്ലാം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്ന ഇ.ഡി കേസുകളാണ്. ഈ കേസുകളിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു നീക്കവും സി.പി.എമ്മിനെ വെള്ളം കുടിപ്പിക്കും.
എല്ലാം രാഷ്ട്രീയപ്രേരിതമെന്ന വാദം മുന്നോട്ടുവെക്കുന്ന സി.പി.എം അതിന് ബലം കിട്ടുന്ന തെളിവായി കെജ്രിവാളിന്റെ അറസ്റ്റ് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഡൽഹിയിൽ ഇ.ഡിയെ എതിർക്കുകയും കേരളത്തിൽ ഇ.ഡിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പായും ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി വിരോധം പറയുകയും ഇ.ഡി വരാതിരിക്കാൻ അന്തർധാര ബന്ധം സജീവമായി നിലനിർത്തുകയും ചെയ്യുന്ന സി.പി.എമ്മിന്റേതാണ് ഇരട്ടത്താപ്പെന്നാണ് കോൺഗ്രസിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.