മനീഷ് സിസോദിയയുടെ അറസ്റ്റ്; പിണറായി അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു -കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ഡൽഹി മദ്യനയത്തിലെ അഴിമതി കേസിൽ ജയിലിലായ മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാരുടെ വക്കാലത്തെടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പിണറായി വിജയൻ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ല. തെളിവ് ലഭിക്കാതെ ഡൽഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ കോടതി അനുവദിക്കുമോ?. പിണറായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണ് ഈ കത്തിലൂടെ ചെയ്യുന്നത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യനയ അഴിമതിയിൽ തെളിവൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഇത്തരം വിവരക്കേടുകൾ കേരളത്തിലെ ജനങ്ങളെ നാണംകെടുത്തുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് നടന്നപ്പോൾ അന്വേഷണം നടത്താൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്ന് വീമ്പിളക്കുന്ന പിണറായി വിജയന് ഇപ്പോൾ എന്താണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയമെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണം. മുഖ്യമന്ത്രി എന്തിനെയാണ് ഭയപ്പെടുന്നതെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയണം. ഒരു സംസ്ഥാനത്ത് നടക്കുന്ന അന്വേഷണത്തിൽ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഇടപെടുന്നത് ഔചിത്യമല്ല. ദില്ലിയിലേതിന് സമാനമായ ആരോപണങ്ങൾ നേരിടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിക്കാർക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന പാർട്ടിയാണ് സി.പി.എം. എന്നാൽ രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ അഴിമതിക്കാരെ മുഴുവൻ വേരോടെ പിഴുതെറിയാൻ പ്രതിഞ്ജാബദ്ധരാണ്. അഴിമതിക്കാരുടെ ഐക്യത്തിന് മുമ്പിൽ മോദി സർക്കാർ മുട്ടുമടക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.