രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: ഇന്ത്യയിൽ നടക്കുന്നത് ഭരണകൂട വേട്ട -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്ക് ബന്ധുക്കളെ സന്ദർശിക്കാൻ യാത്രതിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും പൊലീസ് അക്രമിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടി സംഘ്പരിവാറിന്‍റെ നേതൃത്വത്തിലെ ഭരണകൂട വേട്ടയുടെ രൗദ്രഭാവം പ്രകടമാക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. യു.പിയിൽ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ നടക്കുന്നത് ക്രൂരമായ മനുഷ്യ വേട്ടയാണ്. ബി.ജെ.പിയുടെ കീഴിൽ മൃഗങ്ങളേക്കാൾ വിലകുറഞ്ഞ ജീവിതങ്ങളാണ് മനുഷ്യരുടേതെന്ന് ബോധ്യപ്പെടുത്തുന്നതാണ് യു.പി പൊലീസിന്‍റെ നടപടികൾ.
കർഫ്യൂ പ്രഖ്യാപിച്ചതിനാൽ വാഹനത്തിലെ യാത്ര പൊലീസ് തടഞ്ഞപ്പോൾ കാൽനടയായി യാത്ര തുടർന്ന രാഹുൽ ഗാന്ധിയെ വീണ്ടും തടയുകയും മർദിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണ്. മനുഷ്യത്വത്തെ മരവിപ്പിക്കുന്ന രീതിയിൽ കൂട്ടബലാത്സംഗം ചെയ്തു കൊന്ന ദലിത് പെൺകുട്ടിയുടെ മൃതദേഹത്തെ ബലാൽക്കാരമായി കുടുംബക്കാരിൽ നിന്നും പിടിച്ചെടുത്തു രാത്രിയുടെ മറവിൽ ചപ്പുചവറുകൾ കത്തിച്ചുകളയുന്ന ലാഘവത്തോടെ കത്തിച്ചു കളഞ്ഞ പൊലീസ് നടപടി ഇന്ത്യൻ ജനതയുടെ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. ഹിന്ദുത്വ രാഷ്ട്രത്തിൽ സംഘ്പരിവാർ അല്ലാത്ത മറ്റാരും ജീവിക്കേണ്ടതില്ല എന്നാണ് യോഗി ആദിത്യനാഥിന്‍റെ ഭരണകൂടം രാജ്യത്തോട് പറയുന്നത്.
സവർണ്ണ വംശീയതയുടെ ഭരണത്തിനു കീഴിൽ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനങ്ങൾ സാധ്യമല്ലെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. പശുവിനു പുല്ലരിയാൻ പോയ 19 കാരിയായ ദലിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗത്തിനിരയാക്കുകയും പുറംലോകത്ത് സംഭവം അറിയാതിരിക്കാൻ നാവ് അറുത്തുകളയുകയും ചെയ്ത കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് മോദി-ആദിത്യനാഥ് സർക്കാറുകളുടെ നീക്കം. ഇന്ത്യയിൽ ദലിത് - മുസ്ലിം - ആദിവാസി ഉന്മൂലന പ്രവർത്തനങ്ങൾ അഭിമാനവും, മനുഷ്യജീവനും നീതിക്കും വേണ്ടിയുള്ള പോരാട്ടം ഭീകര പ്രവർത്തനങ്ങളുമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.