ആർ.ബി ശ്രീകുമാറിന്റെയും ടീസ്റ്റയുടെയും അറസ്റ്റ് ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ഇനി മിണ്ടിപ്പോകരുതെന്ന താക്കീത് -വിമൻ ഇന്ത്യ മൂവ്മെന്റ്
text_fieldsകൊച്ചി: ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിനെയും ടീസ്റ്റ സെറ്റൽവാദിനെയും അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സമിതി. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ഇനി മിണ്ടിപ്പോകരുതെന്ന താക്കീത് കൂടിയാണ് ഇവർക്കെതിരായ നടപടി.
ഗുജറാത്ത് കലാപത്തിന്റെ മുഖ്യസൂത്രധാരനായ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് കലാപം അന്വേഷിച്ച ജുഡീഷ്യൽ കമീഷന് മുന്നിൽ നിർണായക വിവരങ്ങൾ പങ്കുവെച്ചതാണ് ആർ.ബി ശ്രീകുമാറിനെതിരായ നടപടിക്ക് പിന്നിൽ. കലാപത്തിൽ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരിക്ക് നിയമപോരാട്ടത്തിന് പിന്തുണ നൽകിയെന്നതാണ് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെതിരെ ഫാഷിസ്റ്റ് സർക്കാർ തിരിയാൻ കാരണം.
ഇരകൾക്ക് നീതി ലഭിക്കുന്നതിനായുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന ഭീകരമായ സാഹചര്യമാണ് നിലവിലുള്ളത്. ജനാധിപത്യത്തിന്റെ അന്തകരാകാൻ കച്ചമുറുക്കിയ ബി.ജെ.പി സർക്കാർ ഇരകളെ മാത്രമല്ല, അവർക്ക് വേണ്ടി സംസാരിക്കുന്നവരെ കൂടി വേട്ടയാടി തങ്ങളുടെ മനുഷ്യത്വ വിരുദ്ധത ഊട്ടിയുറപ്പിക്കുകയാണ്. ഈ ഭരണകൂട ഭീകരതക്കും ജനാധിപത്യ അട്ടിമറിക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ദേശീയ വൈസ് പ്രസിഡന്റ് കെ.കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ അഡ്വ. സിമി ജേക്കബ്, നൂർജഹാൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ഐ ഇർഷാന, മേരി എബ്രഹാം, എൻ.കെ സുഹറാബി, റൈഹാന സുധീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.