വിമാനത്തിൽ പ്രതിഷേധിച്ച മൂന്നാമൻ ഒളിവിൽ; പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsതിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നംഗ യൂത്ത് കോൺഗ്രസുകാരിൽ ഒരാൾ ഒളിവിൽ. സുനിത് കുമാർ എന്നയാളാണ് ഒളിവിൽ പോയിരിക്കുന്നത്. പ്രതിഷേധത്തിന് ശേഷം ഇയാൾ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോകുകയായിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത് സുനിത് കുമാറാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരെയും വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ല സെക്രട്ടറി ആർ.കെ. നവീൻ കുമാർ എന്നിവരെയാണ് പിടികൂടിയത്. കേസിൽ ഫർസിൻ മജീദ് ഒന്നാം പ്രതിയും നവീൻ കുമാർ രണ്ടാം പ്രതിയുമാണ്. വധശ്രമം, ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, എയർക്രാഫ്‌ട് ആക്ട് പ്രകാരമുള്ള വകുപ്പുകൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രി കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 3.50നു കണ്ണൂരിൽനിന്ന് പുറപ്പെട്ട 72 പേരുള്ള 6-ഇ 7407 നമ്പർ ഇൻഡിഗോ വിമാനത്തിൽ എട്ടംഗ കമാൻഡോകളുമായാണ് മുഖ്യമന്ത്രി കയറിയത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങവെ ഇവർ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ഇവരെ തടയുകയും തള്ളി മാറ്റുകയും ചെയ്തു.
അതേസമയം, ഇവർ മദ്യപിച്ചിരുന്നെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ വാദത്തിന് തെളിവില്ല. തങ്ങളെ പരിശോധനക്ക് വിധേയരാക്കണമെന്ന് പിടിയിലായ പ്രവർത്തകരടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന മെഡിക്കൽ കോളജിൽ നടന്നില്ല. പരിശോധനക്ക് ഡോക്ടർമാർ നിർദേശിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'മുദ്രാവാക്യം പോലും ശരിയായി വിളിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, മദ്യപിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നു' എന്നാണ് ഇ.പി ജയരാജൻ ആരോപിച്ചിരുന്നത്. എന്നാൽ, തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും വൈദ്യപരിശോധന നടത്തി തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളും ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.