കോടതിച്ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയവർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വക സ്ഥലവുമായി ബന്ധപ്പെട്ട കേസ് നടത്താൻ കോടതിച്ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപേരെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. വി. കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടിൽ കെ. രമ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടിൽനിന്ന് കുമ്പഴ ചരിവുപറമ്പിൽ വീട്ടിൽ താമസിക്കുന്ന സി.എസ്. സജു (44) എന്നിവരെയാണ് പികൂടിയത്.
കൊടുമൺ ഐക്കാട് കിഴക്ക് ഐക്കരേത്ത് കിഴക്കേചരിവ് തൊട്ടരികിൽ പുത്തൻവീട്ടിൽ സജി ബേബിയുടെ ഭാര്യ മാറിയാമ്മ ചാക്കോയുമായി കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി കേസുണ്ട്. വസ്തു 230 കോടിയോളം വില വരുന്നതാണെന്നും ഈ കേസ് നടത്താൻ കോടതിച്ചെലവിന് പണം നൽകിയാൽ, ബാങ്ക് വായ്പകൾ അടക്കാമെന്ന് പറഞ്ഞ് പ്രതികൾ മാറിയാമ്മ ചാക്കോയിൽനിന്ന് പല സമയത്തായി 5,65,000 രൂപയും നാലരപ്പവൻ സ്വർണവും പ്രതികൾ കൈക്കലാക്കുകയായിരുന്നു.
തുകയും സ്വർണവും തിരികെ ചോദിച്ചപ്പോൾ, സർക്കാർ മുദ്രയോടുകൂടിയ ജില്ല സെഷൻസ് കോടതി ഉത്തരവ് വ്യാജമായി നിർമിച്ച് നൽകുകയായിരുന്നു. ഇതോടെ മാറിയാമ്മ ചാക്കോ കൊടുമൺ പൊലീസിൽ പരാതി നൽകി.അന്വേഷണത്തിൽ ഇവർ നൽകിയ കോടതി രേഖകളടക്കം വ്യാജമാണെന്ന് കണ്ടെത്തി.
സമാനമായ വേറെയും കുറ്റകൃത്യം പ്രതികൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.