ക്ഷീരകർഷകനിൽ നിന്നും 2500 രൂപ കൈക്കൂലി വാങ്ങിയ വെറ്റിനറി ഡോക്ടർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: ക്ഷീര കർഷകയിൽനിന്ന് 2500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ. ബിലോണി ചാക്കോയെയാണ് ചൊവ്വാഴ്ച ഉച്ചക്ക് വിജിലൻസ് അറസ്റ്റ് ചെയ്തത്. ക്ഷീരകർഷകയുടെ 10 പശുക്കൾക്ക് ഇൻഷുറൻസ് ശരിയാക്കി നൽകാനാണ് ബിലോണി ചാക്കോ കൈക്കൂലി ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച കർഷകയുടെ വീട്ടിലെത്തി പശുക്കളുടെ ചെവിയിൽ ടാഗ് ഘടിപ്പിച്ച ശേഷമാണ് ഡോക്ടർ കൈക്കൂലി തുക ആവശ്യപ്പെട്ടത്. നേരത്തേ തന്നെ ഡോക്ടർ കൈക്കൂലി തുക ആവശ്യപ്പെട്ടിരുന്നതിനാൽ കർഷക വിവരം പത്തനംതിട്ട വിജിലൻസിനെ അറിയിച്ചിരുന്നു. പണംവാങ്ങിയ ഉടൻ വിജിലൻസ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 21ന് ഇതേ കർഷകയുടെ പശു ചത്തപ്പോൾ പോസ്റ്റ്മോര്‍ട്ടം നടത്തി ഇൻഷുറൻസ് തുക ലഭിക്കുന്നതിനും ഇയാൾ 2500 രൂപ കൈക്കൂലി വാങ്ങിയിരുന്നു. എട്ടുമാസം മുമ്പാണ് ബിലോണി ചാക്കോ റാന്നി പെരുനാട് ആശുപത്രിയിൽ എത്തിയത്.
എല്ലാ ക്ഷീരകർഷകരിൽനിന്ന് എന്ത് ആവശ്യത്തിന് ചെന്നാലും പണം നിർബന്ധമായി വാങ്ങുന്നത് ബിലോണി ചാക്കോയുടെ പതിവാണെന്ന് നിരവധിപേർ വിജിലൻസിനോട് നേരിട്ട് പരാതി പറഞ്ഞു. അറസ്റ്റിലായ ഡോക്ടറെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി ഹരിവിദ്യാധരൻ അറിയിച്ചു. ഇൻസ്പെക്ടർമാരായ അഷ്റഫ്, രാജീവ്, അനിൽകുമാർ, സബ് ഇൻസ്പെക്ടര്‍മാരായ ആര്‍. അനില്‍, അസി. സബ് ഇൻസ്പെക്ടർമാരായ ഷാജി, രാജേഷ്, സി.പി.ഒമാരായ രാജീവ്, മണിലാൽ, അനിൽ, വിനീത്, സലിം, വിനീത്, ജിനു ഗീവർഗീസ്, രേഷ്മ, ചാക്കോ, അജീർ, ഷാലു ഡ്രൈവർമാരായ രാജേഷ് സലീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.