കള്ളക്കേസിൽ കുടുക്കി അറസ്റ്റ്; നീതിക്കായുള്ള സരുൺ സജിയുടെ പോരാട്ടത്തിന് ഒരു വർഷം
text_fieldsകട്ടപ്പന: നീതിക്കായുള്ള സരുൺ സജിയുടെ പോരാട്ടം തുടങ്ങിയിട്ട് ഒരു വർഷം.ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവ് കണ്ണംപടി മുല്ല പുത്തൻപുരക്കൽ സരുൺ സജിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തിട്ട് ഒരു വർഷം പൂർത്തിയായി. സംസ്ഥാന വനം വകുപ്പിലെ 13 ഉദ്യോഗസ്ഥർ പ്രതികളായ കേസിലെ മുഖ്യപ്രതിയായ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥനെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
2022 സെപ്റ്റംബർ 20ന് കിഴുകാനം ചെക്ക് പോസ്റ്റിലാണ് സരുൺ സജിയുടെ ജീവിതം മാറ്റിമറിച്ച കറുത്ത ദിനം. സരുൺ സജിയുടെ ഉപജീവന മാർഗമായിരുന്ന ഓട്ടോയിൽ മാട്ടിറച്ചിവെച്ച് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ദിവസങ്ങളോളം അഴിക്കുള്ളിൽ കിടന്ന സരുൺ സജിക്ക് പിന്നീട് ജ്യാമം ലഭിച്ചു. പുറത്തിറങ്ങി ആദിവാസി സംഘടനയുടെ സഹായത്തോടെ നടത്തിയ നീതിക്കായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. സജിയുടെ സമരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കള്ളക്കേസിൽ കുടുക്കിയതാണെന്ന് തെളിഞ്ഞു.
ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് 13 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തത്. എന്നിട്ടും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിച്ചു. ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടാനാണ് ശ്രമിച്ചത്. എന്നാൽ, കോടതി പൊലീസിന് മുന്നിൽ കിഴടങ്ങാൻ നിർദേശിച്ചു. ഇതേതുടർന്ന് പൊലീസ് നിർദേശപ്രകാരം 12 വനം വകുപ്പ് ഉദ്യോഗസ്ഥർ കീഴടങ്ങി.
സജി ഓടിച്ച ഓട്ടോയും വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, സംഭവം നടന്നെന്ന് മഹസറില്‍ പറയുന്ന സമയത്തിന് തൊട്ടുമുമ്പ് സരുണ്‍ സജി ഓടിച്ചിരുന്ന ഓട്ടോ മെംബര്കവല ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പറഞ്ഞയച്ചതാണ്. തുടര്‍ന്ന് സരുണ്‍ വാഗമണ്ണിലേക്ക് ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. ഈ സമയത്ത് സരുണിന്റെ വാഹനത്തില്‍നിന്ന് കാട്ടിറച്ചി കണ്ടെടുത്തെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.