പിടിയിലായ കുറുവ സംഘാംഗത്തെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു
text_fieldsമണ്ണഞ്ചേരി (ആലപ്പുഴ): മണ്ണഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട് കൊച്ചി കുണ്ടന്നൂരിൽ നിന്നു പിടിയിലായ തമിഴ്‌നാട് തേനി കാമാക്ഷിപുരം സ്വദേശി സന്തോഷ് ശെൽവത്തെ (25) സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാൾ കുപ്രസിദ്ധ മോഷണസംഘമായ കുറുവ സംഘത്തിൽപെട്ടയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കൊച്ചി കുണ്ടന്നൂരിൽ താമസിച്ചിരുന്ന സ്‌ഥലത്തും മോഷണം നടത്തിയ മണ്ണഞ്ചേരിയിലെ മൂന്ന് വീടുകളിലും പ്രതിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കുണ്ടന്നൂർ പാലത്തിന് താഴെ കൂടാരത്തിലാണ് ഇയാളും കുടുംബവും മറ്റും താമസിക്കുന്നത്. കഴിഞ്ഞ 12ന് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ കഴിഞ്ഞ ശനിയാഴ്‌ചയാണ് കുണ്ടന്നൂരിൽ നിന്നു പൊലീസ് സാഹസികമായി പിടികൂടിയത്. തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. പൊലീസിൻ്റെ ആവശ്യപ്രകാരം അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ശനിയാഴ്‌ച വൈകീട്ടോടെ പ്രതിയെ തിരികെ കോടതിയിൽ എത്തിക്കും.
പ്രതിയുമായി കുണ്ടന്നൂരിലെത്തിയ പൊലീസ് മോഷണ സമയത്ത് ഇയാൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ 12ന് പുലർച്ചെ മോഷണം നടത്തിയ മണ്ണഞ്ചേരി റോഡുമുക്കിന് പടിഞ്ഞാറ് മാളിയേക്കൽ ഇന്ദു കുഞ്ഞുമോൻ, കോമളപുരം നായിക്യംവെളി വി.എസ്. ജയന്തി എന്നിവരുടെ വീടുകളിലും, കഴിഞ്ഞ മാസം മോഷണശ്രമം നടത്തിയ മണ്ണഞ്ചേരി മണ്ണേഴത്ത് രേണുക അശോകൻ്റെ വീടുകളിലും എത്തിച്ചാണ് തെളിവെടുത്തത്. മോഷണം നടത്തിയ വീടുകൾ ഇതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വീട്ടുകാരും പ്രതിയുടെ രൂപസാദൃശ്യം തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾ കൂടുതൽ വിവരങ്ങളൊന്നും പറയുന്നില്ലെന്നാണ് പൊലീസ് അറിയിച്ചത്.
ഇയാളുടെ ഫോൺവിളികളുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ വീട് സ്‌ഥിതിചെയ്യുന്ന തമിഴ്‌നാട് തേനി കാമാച്ചിപുരം സന്ദനമാരിയമ്മൻ കോവിൽ സ്ട്രീറ്റിലും കൊണ്ടുപോകുമെന്നാണ് വിവരം. വിവരം പരസ്യമാകുന്നത് തടയാൻ യാത്ര സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് സ്‌ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.