വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർ രാജ്യ ശത്രുക്കൾ -അർഷദ് മദനി
text_fieldsതിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തിപ്പടരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തീജ്വാലകളെ സ്നേഹാദരങ്ങൾകൊണ്ട് കെടുത്താൻ സാധിക്കണമെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദ് അഖിലേന്ത്യ അധ്യക്ഷൻ മൗലാനാ സയ്യിദ് അർഷദ് മദനി. തിരുവനന്തപുരം മണക്കാട് വലിയപള്ളിക്ക് സമീപം നിർമാണം പൂർത്തിയായ ഇഖ്റഅ് അക്കാദമിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ജംഇയ്യതുൽ ഉലമായെ ഹിന്ദ് കേരള പ്രതിനിധി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അകൽച്ചയും വിദ്വേഷവും ഉണ്ടാക്കാൻ ചില ദുഷ്ടശക്തികൾ ആസൂത്രിതമായി പരിശ്രമിക്കുന്നുണ്ട്. അതിന്റെ പേരിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പരസ്പരം വെറുപ്പും വിദ്വേഷവും പരത്തുന്നവർ രാജ്യസ്നേഹികളല്ല, മറിച്ച് രാജ്യത്തോട് ശത്രുത പുലർത്തുന്നവരാണ്. രാജ്യത്ത് രൂക്ഷമാകുന്ന വിലക്കയറ്റത്തിന്റെയും ക്ഷാമത്തിന്റെയും അടിസ്ഥാനകാരണം പരസ്പരം അകറ്റുന്ന ചർച്ചകളാണ്. അക്രമങ്ങൾ വ്യാപിപ്പിക്കാനും മറ്റുള്ളവരെ ദ്രോഹിക്കാനും മതം പഠിപ്പിക്കുന്നില്ല. പരസ്പര സ്നേഹമാണ് മതങ്ങളുടെ പ്രധാനപ്പെട്ട സന്ദേശം. ഇസ്ലാം അയൽവാസികളോടും സഹജീവികളോടും നല്ല നിലയിൽ വർത്തിക്കാനാണ് ഉപദേശിക്കുന്നത്. ആരാധനാലയങ്ങളിൽനിന്നും പാഠശാലകളിൽനിന്നും സ്നേഹാദരവുകളോടെ സന്ദേശങ്ങൾ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകണം.
ഡല്‍ഹി ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സുപ്രീംകോടതയില്‍നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങളോട് സംസാരിക്കവെ അര്‍ഷദ് മദനി പറഞ്ഞു. ദേശീയ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നിയമ, രാഷ്ട്രീയ പോംവഴികൾ തേടുമെന്നും അദ്ദേഹം പറഞ്ഞു. മണക്കാട് വലിയപള്ളി പ്രസിഡന്റ് അബ്ദുൽ ഖാദിർ ഹാജി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അലൻ നസീർ, ഹാഫിസ് പി.പി. മുഹമ്മദ് ഇസ്ഹാഖ് മൗലാന, അലിയാർ മൗലവി അൽഖാസിമി, ഡോ. വി.പി. സുഹൈബ് മൗലവി, അബ്ദുൽ ഗഫാർ മൗലവി, അബ്ദുൽ ശുക്കൂർ മൗലവി അൽ ഖാസിമി, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, നവാസ് മന്നാനി, പാനിപ്ര ഇബ്രാഹിം മൗലവി, ജെ. മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.